ന്യൂഡല്‍ഹി: റാഗിവിതരണം ചെയ്യാന്‍ കേന്ദ്ര സഹായം തേടി കേരളം. കപ്പലണ്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. വിളര്‍ച്ചയും ജീവിത ശൈലി രോഗികളും വന്‍ തോതില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മൂന്ന് ജില്ലകളിലെങ്കിലും ഇവ വിതരണത്തിന് എത്തിക്കണമന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
ഭക്ഷ്യ മന്ത്രി ജി ആര്‍ അനില് കേന്ദ്രഭക്ഷ്യമന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 6,459.04 മെട്രിക് ടണ്‍ ആട്ടയ്ക്ക് പകരം ഇത് നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അടുത്തിടെയാണ് ഇത്രയും ആട്ട നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കിയത്.
ആരോഗ്യവകുപ്പ് നടത്തിയ ചില പഠനങ്ങളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു ആവശ്യം മുന്നോട്ട് വച്ചതെന്നും ജി ആര്‍ അനില്‍ പറഞ്ഞു. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളില്‍ റാഗി വിതരണം ചെയ്യണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷനും ആരോഗ്യവകുപ്പും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മതിയായ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് റാഗി വിതരണം ചെയ്യാന്‍ കേരളം തീരുമാനിച്ചതായും ഭക്ഷ്യ മന്ത്രി പറഞ്ഞു. പാലക്കാട്, വയനാട്, ഇടുക്കി മേഖലകളിലെ ആദിവാസി കൂടുംബങ്ങളെ ഉദ്ദേശിച്ചാണ് ഇത് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി വിഭാഗത്തില്‍ പെടുന്ന ജനതയ്ക്ക് കൂടുതല്‍ പോഷകം ഉറപ്പിക്കാന്‍ വേണ്ടിയാണ് കേന്ദ്രത്തോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുള്ളത്. എത്രയും പെട്ടെന്ന് റാഗി നല്‍കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കിലോ കടലയും റേഷന്‍ കടകള്‍ വഴി ലഭ്യമാക്കാന്‍ കേരളം ലക്ഷ്യമിടുന്നു. അടുത്തിടെയാണ് കേരളം അടക്കം പത്ത് സംസ്ഥാനങ്ങള്‍ക്കുള്ള ഗോതമ്പ് വിഹിതം വെട്ടിച്ചുരുക്കിയത്. പകരം അരി വിതരണം ചെയ്യും. ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇവ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വെട്ടിക്കുറച്ച ഗോതമ്പിന് പകരം റാഗി നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം.