കൊല്ലം: ആഴക്കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ജീവിതത്തിലേക്ക് പിടിച്ച് കയറ്റി തീരദേശ പൊലീസ്. കൊല്ലം കോവില്‍ത്തോട്ടം ലൈറ്റ് ഹൗസിന് 13 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് അറബിക്കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കാണ് ഇവര്‍ രക്ഷകരായത്.
കൊല്ലം തുറമുഖത്ത് നിന്ന് കഴിഞ്ഞ ദിവസം മീന്‍ പിടിക്കാന്‍ പോയ പള്ളിത്തോട്ടം സ്വദേശി ചാള്‍സ് മത്യാസ്, ജയിംസ് വിന്‍സെന്റ്, ബെനഡിക്ട്, ബെന്‍സിഗര്‍ ജോയി എന്നിവരെയാണ് പൊലീസ് നടുക്കടലില്‍ നിന്ന് രക്ഷിച്ചത്. ബെന്‍സിഗര്‍ ജോയിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മീന്‍പിടിക്കുന്നതിനിടെ കടല്‍ക്ഷോഭത്തില്‍ പെട്ട് ഇവരുടെ വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ നിന്ന് തെറിച്ച് പോയ ഇവര്‍ കരയിലേക്ക് സഹായം ആവശ്യപ്പെട്ട് സന്ദേശം അയക്കുകയായിരുന്നു. നീണ്ടകരയില്‍ പട്രോളിംഗ് നടത്തിയിരുന്ന ദര്‍ശന എന്ന ഇന്റര്‍സെപ്റ്റര്‍ ബോട്ട് സഹായ സന്ദേശം ലഭിച്ചയുടന്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. 25 കിലോമീറ്ററോളം അകലെ കടലില്‍ ഇവരെ കണ്ടെത്തിയെങ്കിലും വള്ളവും വലയും ഉപേക്ഷിച്ച് മടങ്ങാന്‍ ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് മറൈന്‍ പൊലീസിന്റെ സഹായത്തോടെ തൊഴിലാളികളെയും വള്ളവും വലയും കരയ്‌ക്കെത്തിച്ചു.
സിവില്‍ പൊലീസ് ഓഫീസര്‍ സുജി്ത്ത് ജി, ബോട്ട് ജീവനക്കാരായ ജോസഫ്, ശ്രീകുമാര്‍, കോസ്റ്റല്‍ പൊലീസ് എസ്‌ഐ ശ്യാംകുമാര്‍ കെ ജി, എഎസ്‌ഐ ദിലീപ്കുമാര്‍, മറൈന് എഎസ്‌ഐ ഹരിലാല്‍, ലൈഫ് ഗാര്‍ഡ് തോമസ് റോയ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.