ശമനമില്ലാത്തെ ദുരിത മഴ: അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുത്ത് പൊലീസും, കർശന നിർദ്ദേശം, ജാഗ്രത

Advertisement

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ജാഗ്രതാനിർദ്ദേശം നൽകി.

അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ ജില്ലാ കളക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പർക്കം പുലർത്തും. ജെ സി ബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ എല്ലാ പൊലീസ് സ്റ്റേഷനുകളിലും തയ്യാറാക്കി വയ്ക്കും. തീരപ്രദേശങ്ങളിൽ സുരക്ഷാ ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എമർജൻസി റെസ്പോൺസ് നമ്പരായ 112 ലേയ്ക്ക് വരുന്ന എല്ലാ കോളുകളും 24 മണിക്കൂറും അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യും.

മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ സംഭവിക്കാനിടയുള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തും. അവശ്യഘട്ടങ്ങളിൽ പൊലീസിന്റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങൾക്ക് താമസംവിനാ ലഭ്യമാക്കാൻ യൂണിറ്റ് മേധാവിമാർ നടപടി സ്വീകരിക്കും. റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച്‌ മാറ്റാൻ ഫയർഫോഴ്സുമായി ചേർന്ന് നടപടി സ്വീകരിക്കും. അപകടമേഖലകളിൽ നിന്ന് ജനങ്ങളെ അതിവേഗം മാറ്റി പാർപ്പിക്കുന്നതിന് പൊലീസ് സഹായം ഉറപ്പാക്കും. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്ന മുറയ്ക്ക് അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വനിതാ പൊലീസ് ഉൾപ്പെടെയുളളവരുടെ സേവനം ലഭ്യമാക്കും.

പൊലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി എം.ആർ.അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് എസ്.സാക്കറെയെയും നിയോഗിച്ചിട്ടുണ്ട്.

Advertisement