കണ്ണൂർ: നെടുംപുറം ചാലിൽ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ഷഫീക്കിന്റെയും നദീറയുടെയും മകൾ നുമ തസ്‌ലിൻ ആണ് മരിച്ചത്. രാവിലെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കണിച്ചാർ പഞ്ചായത്തിലെ നെടുംപുറം ചാലിൽ ആരോഗ്യ ഉപകേന്ദ്രത്തിലെ ജെപിഎച്ച് നഴ്സാണു മാതാവ് നദീറ.
എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരും ചേർന്നുനടത്തിയ തിരച്ചിലിലാണു രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളം കുത്തിയൊലിച്ചുവരുന്ന ശബ്ദംകേട്ടു കുഞ്ഞുമായി വീടിനു പിൻഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോയെന്നു നാട്ടുകാർ പറഞ്ഞു. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാസേന രക്ഷിച്ചു. നെടുംപുറംചാലിൽ ഒഴുക്കിൽപ്പെട്ട രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തി.
കണിച്ചാറിലെ പൂളക്കുറ്റി, വെള്ളറ, കോളയാട് പഞ്ചായത്തിലെ ചെക്കേരി, പൂളക്കുണ്ട്, കേളകത്തെ വെള്ളൂന്നി എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയതായി നാട്ടുകാർ പറഞ്ഞു. വെള്ളറയിൽ മണ്ണാലി ചന്ദ്രനെ (55) കാണാതായി. ഇദ്ദേഹത്തിന്റെ വീട് പൂർണമായി തകർന്നു. ചന്ദ്രന്റെ മകൻ റിവിനെ കാണാതായെങ്കിലും രാത്രി വൈകി കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാവൂർ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപാഭവന്റെ ഒരു കെട്ടിടം പൂർണമായും വെള്ളത്തിനടിയിലായി.
കാണാതായതിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി പൂളക്കുറ്റി താഴെ വെള്ളറ കോളനിയിലെ രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാൾ അപകടത്തിൽ പെട്ട വിവരം ആദ്യഘട്ടത്തിൽ അറിഞ്ഞിരുന്നില്ല. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട്.