എംഎൽഎ പദത്തിൽ കെ എം മാണിയുടെ റെക്കോർഡ് ഭേദിച്ച്‌ ഉമ്മൻചാണ്ടി

Advertisement

തിരുവനന്തപുരം: കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായയാൾ എന്ന റെക്കോർഡ് ഇനി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സ്വന്തം.

ഇന്ന് (2022 ഓഗസ്റ്റ് 2 ) നിയമസഭയിൽ 18728 ദിവസം തികച്ചിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ്. നേരത്തെ കെ എം മാണിക്കായിരുന്നു ഈ റെക്കോർഡ്. അതേസമയം മന്ത്രിമാരിൽ 10ാം സ്ഥാനവും മുഖ്യമന്ത്രിമാരിൽ നാലാം സ്ഥാനത്തുമാണ് ഉമ്മൻചാണ്ടി. 1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണ ഉമ്മൻചാണ്ടി നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. രണ്ട് തവണ മന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും നാല് തവണ മന്ത്രിയായും ചുമതലയേറ്റു. വിവിധ മന്ത്രിസഭകളിലായി തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തത്.
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ദിവസം മന്ത്രിയായത് കെ എം മാണി (8759) ആണ്. പിജെ ജോസഫ് (6105), ബേബി ജോൺ (6061), കെ ആർ ഗൗരിയമ്മ (5824), കെ കരുണാകരൻ (5254), കെ അവുക്കാദർകുട്ടി നഹ (5108), ടിഎം ജേക്കബ് (5086), പി കെ കുഞ്ഞാലിക്കുട്ടി (4954), ആർ ബാലകൃഷ്ണപിള്ള (4265) എന്നിങ്ങനെയാണ് ക്രമം. ആകെയുള്ള 12 മുഖ്യമന്ത്രിമാരിൽ ഉമ്മൻ ചാണ്ടിക്ക് (2459 ദിവസം) ചുമതല നിർവഹിച്ച്‌ നാലാം സ്ഥാനത്താണ്. ഇ കെ നായനാർ (4009), കെ കരുണാകരൻ (3246), സി അച്യുതമേനോൻ (2640) എന്നിവരാണ് മുൻനിരയിൽ.