തൃശൂര്‍.അതിരപ്പിള്ളി പിള്ളപ്പാറയിൽ കുത്തിയൊഴുകുന്ന പുഴയിലകപ്പെട്ട കാട്ടാന രക്ഷപ്പെട്ടതായി വനം വകുപ്പ്. 6 മണിക്കൂറോളം നേരമാണ് ആന പുഴയിൽ മരണത്തോട് മല്ലടിച്ചത്.
കണ്ണൻ കുഴി പാലത്തിന് താഴെ കുത്തിയൊഴുകുന്ന ചാലക്കുടി പുഴയിൽ കാട്ടാനയെ നാട്ടുകാർ കണ്ടത് രാവിലെ 6 മണിയോടെ. 2കിലോമീറ്റർ ദൂരം ആന താഴേക്കോഴുകി. പാറക്കൂട്ടങ്ങൾ നിറഞ്ഞതും വീതിയേറിയതുമായ പുഴയിൽ ആന മരണവെപ്രാളം കാട്ടി.
ഇതിനിടെ ഒഴുക്കിനെ അതിജീവിച്ച് പുഴയുടെ ഒത്ത നടുവിലുള്ള ഒരു തുരുത്തിൽ അരമണിക്കൂറോളം നിലയുറപ്പിച്ചു. ഏതാനും നാളുകളായി ഈ ആനയുടെ സാന്നിധ്യം ഇവിടെ ഉള്ളതായാണ് നാട്ടുകാർ പറയുന്നത്.
വീണ്ടും താഴേക്കൊഴുകി വഞ്ചിക്കടവ് ഭാഗത്തെ വനത്തിലേക്ക് ആന കയറിപ്പോയതായി വനം വകുപ്പുദ്യോഗസ്ഥർ വ്യക്തമാക്കി. പറമ്പിക്കുളത്തു നിന്നുമുള്ള അധികജലം പെരിങ്ങൽക്കുത്ത് അണക്കെട്ടിലെത്തുന്നതിനാൽ മൂന്ന് സ്ലൂയിസ് വാൾവുകളാണ് തുറന്നിട്ടുള്ളത്. അതിനാൽ തന്നെ പുഴ കുത്തിയൊഴുകുകയാണ്.