സംസ്ഥാനത്തെ 374 റോഡുകൾ അതീവ അപകടാവസ്ഥയിലാണെന്ന് നാറ്റ്പാക് റിപ്പോർട്ട്

Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ 374 റോഡുകൾ അതീവ അപകടാവസ്ഥയിലാണെന്ന് നാറ്റ്പാക് റിപ്പോർട്ട്. എന്നാൽ സംസ്ഥാന സർക്കാർ ഈ റിപ്പോർട്ട് അവഗണിക്കുകയാണെന്നാണ് ആക്ഷേപം.

നാറ്റ്പാക് റിപ്പോർട്ട് പ്രകാരം 75 റോഡുകളിൽ അടിയന്തരമായി മാറ്റം വരുത്തേണ്ടതുണ്ട്. റിപ്പോർട്ട് റോഡ് സേഫ്റ്റി അതോറിറ്റിക്ക് കൈമാറിയെങ്കിലും സർക്കാർ നടപടിയെടുത്തില്ല. 25 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി റോഡ് സുരക്ഷാ അതോറിറ്റി അനുവദിച്ച 32 കോടി രൂപ പൊതുമരാമത്ത് വകുപ്പ് വിനിയോഗിച്ചിട്ടില്ല.

കൊവിഡ് കാലത്തും 3,32,93 അപകടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. 3,429 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ അപകടങ്ങളുടെ എണ്ണം 45,000 ത്തിനടുത്തായിരുന്നു. കേരളത്തിൽ ഈ രീതിയിൽ റോഡപകടങ്ങൾ വർധിക്കുന്നതിൻറെ കാരണങ്ങൾ നാറ്റ്പാക് പഠിച്ചപ്പോഴാണ് റോഡ് ക്രമക്കേടുകളുടെ വിവരങ്ങൾ പുറത്തുവന്നത്.

അടിയന്തര മാറ്റം ആവശ്യമുള്ള 75 റോഡുകളിൽ 25 എണ്ണം ദേശീയപാതകളാണ്. ശേഷിക്കുന്ന 50 റോഡുകളിൽ 25 റോഡുകളിലെ തകരാർ പരിഹരിക്കാൻ റോഡ് സുരക്ഷാ അതോറിറ്റി അനുവദിച്ച 32 കോടി രൂപ രണ്ട് വർഷം കഴിഞ്ഞിട്ടും വിനിയോഗിച്ചിട്ടില്ല. ശേഷിക്കുന്ന 25 റോഡുകളിൽ ഭൂമി ഏറ്റെടുക്കാൻ അതോറിറ്റി നിർദേശം നൽകിയിട്ടും നടപടിയുണ്ടായില്ല.

Advertisement