ദീപക് അനന്തന്‍
ലെയ്സ് കണ്ടവൻ കൊല്ലും ജില്ല എന്ന് കൊല്ലത്തെ പ്രഖ്യാപിച്ചതോടെ ഇല്ലം വരെ നാറിയ പരുവത്തിലായി കൊല്ലം. കാറ്റ് നിറച്ച ലെയ്സിനായി കൊടുങ്കാറ്റഴിച്ചു വിട്ടവർ സമൂഹമ(ാധ്യമ)ത്തിൽ കൊല്ലത്തെ കൊല്ലാക്കൊല ചെയ്യുകയാണ്.

കപ്പലണ്ടിക്ക് എരിവുകുറഞ്ഞത്, കുട്ടിക്ക് പേരിടല്‍, സാമ്പാര്‍വിളമ്പല്‍ തുടങ്ങി ചെറിയ കാര്യങ്ങളില്‍ അടിയുണ്ടാക്കിയ പൂര്‍വ ചരിത്രം കൂടി തോണ്ടി വെളിയിലിട്ട് ട്രോളന്മാര്‍ അഴിഞ്ഞാടുകയാണ്.

2018 ലെ പ്രളയകാലത്ത് മുങ്ങിത്താണു പോയ കേരളത്തെ അതിജവനത്തിൻറെ തീരത്തേക്ക് തോണിയിലേറ്റിയ കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ കൊല്ലത്തെ ചരിത്ര ഭൂപടത്തിൽ രേഖപ്പെടുത്തിയെങ്കിൽ മറ്റൊരു പ്രളയകാലത്ത് അഞ്ചുരൂപയുടെ ലെയ്സിന് മുൻപിൽ കൊല്ലം തലകുനിച്ചു നിൽക്കുന്നു. ലെയ്സിനായി കൊല്ലും കൊലയും നടത്തുന്നവർ ആണ് കൊല്ലംകാർ എന്നത്രേ ട്രോളൻമാർ.

ബിംഗോയുടെ മാഡ് ആംഗിൾ തിന്ന് തല തിരിഞ്ഞുപോയ ഏതോ പ്രാന്തൻമാർ, ഒരു കവർ ലെയ്സിനായി ഒരു പാവത്തിനെ തല്ലിച്ചതച്ചതാണ് കൊല്ലത്തെ കൊല്ലാക്കാല ചെയ്യാൻ ഇടയാക്കിയത്.പട്ടിണി കൊണ്ട് മോഷ്ടിച്ചവനെ കൈകെട്ടി തല്ലിക്കൊന്നപ്പോഴും രാഷ്ട്രീയവൈരത്തിൻറെ സ്കോർ സമനിലയാക്കാൻ നിരപരാധികളെ കൊല്ലുമ്പോഴും ആരും ജില്ലകളെ പേരെടുത്ത് അധിക്ഷേപിച്ച ചരിത്രമില്ലെന്ന് കൊല്ലം കാരുടെ പരാതി. മൊബൈലില്‍ പാട്ട് ഉച്ചത്തില്‍വച്ചതിന് ചേട്ടനെ അടിച്ചുകൊന്ന ജില്ലക്കാരെയും കൊല്ലം കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നു.




എന്നിട്ടും ഒരു ലെയ്സ് കൊടുത്തില്ലെങ്കിൽ കൊല്ലത്തിന് മൊത്തത്തിൽ കിട്ടും പണി എന്ന നിലയിൽ ജില്ലക്കാരെ മൊത്തത്തിൽ എയറിലാക്കി ട്രോളർമാർ. പ്രളയത്തിൽ വാട്ടറിലാകാത്ത ഏക ജില്ലയായി പ്രകൃതി കൊല്ലത്തെ കാത്തുവെച്ചിരിക്കുന്നത് ആപത്തിൽ വള്ളമിറക്കാൻ ആളു വേണം എന്നതു കൊണ്ടാണെന്ന് സോഷ്യൽ മീഡിയ മറന്നുപോകരുത്.


ഏറ്റവും അവസാനം അവധി പ്രഖ്യാപിക്കുന്ന ജില്ലയെന്ന കുറവുണ്ടെങ്കിലും ദുരന്തമുഖത്ത് ആദ്യം ചാടിയിറങ്ങാൻ കൊല്ലക്കാരെ ഉണ്ടാകൂ എന്നകാര്യം ട്രോളി തള്ളുന്നവർ മറന്നു പോകരുത്.അഞ്ചു രൂപയുടെ ലെയ്സല്ല.,ചങ്കു പറിച്ചു കൊടുക്കുന്നതാണ് കൊല്ലത്തിൻറെ ശീലം.!