ഉന്നതരുടെ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടുന്ന സംഘം വ്യാപകം

Advertisement

തിരുവനന്തപുരം: വ്യാജപ്രൊഫൈലുണ്ടാക്കി പണം തട്ടുന്ന സംഭവം സംസ്ഥാനത്ത് വ്യാപകമാവുന്നു. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും പേരിലാണ് പ്രൊഫൈൽ വ്യാജമായി ഉണ്ടാക്കുന്നത്.

ഏറ്റവും പുതിയ സംഭവം നടന്നത് ചീഫ് സെക്രട്ടറി വി.പി ജോയിയുടെ പ്രൊഫൈൽ ഉപയോഗിച്ചാണ്. വിവിധ സംസ്ഥാനങ്ങളിലെ തട്ടിപ്പുകാരുടെ വലിയ സംഘം ഇതിന് പിന്നിലുണ്ടെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ പേരിൽ തട്ടിപ്പ് നടന്നത് ഇങ്ങനെയാണ്, ‘ഇത് ചീഫ് സെക്രട്ടറിയാണ്, ഒരു അത്യാവശ്യമുണ്ട്. മുപ്പതിനായിരം രൂപ കടമായി അയച്ചുതരുമോ?’ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥനോടാണ് പണം ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറി നേരിട്ടല്ലേ പണം ചോദിക്കുന്നത്, ഉദ്യോഗസ്ഥൻ രണ്ടിലൊന്ന് ആലോചിച്ചില്ല, തുക ഗൂഗിൾപേ വഴി അയച്ചുകൊടുത്തു. വാട്സാപ്പ് നമ്പരിലെ പ്രൊഫൈൽ ചിത്രം ചീഫ് സെക്രട്ടറി വി.പി. ജോയിയുടേതായിരുന്നു. പണം പോയത് നാഗാലാൻഡിലെ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്കും.മിസോറാമിലെ എഴുപതുകാരിയുടെ പേരിൽ സിം കാർഡ് എടുത്താണ് ചീഫ് സെക്രട്ടറിയുടെ പേരിൽ തട്ടിപ്പു നടത്തിയത്.അന്വേഷണം എത്തി നിന്നത് നാഗാലാൻറിലെ എഴുപത്കാരനിൽ.

ഡിജിപി അനിൽകാന്തിന്റെ പ്രൊഫൈലുപയോഗിച്ച്‌ കുണ്ടറയിലെ അദ്ധ്യാപികയുടെ കയ്യിൽ നിന്നും 14 ലക്ഷം രൂപയാണ് തട്ടിയത്. ഡി.ജി.പി അനിൽകാന്തിന് ഒരു കോടി രൂപയുടെ ഓൺലൈൻ ലോട്ടറി അടിച്ചെന്നും സമ്മാനത്തുക ലഭിക്കാൻ നികുതി നൽകണമെന്നും വാട്സാപ് സന്ദേശമയച്ചാണ് തട്ടിപ്പ് നടത്തിയത് . അസാം സ്വദേശിയുടെ ഫോൺനമ്പരിൽ വ്യാജവാട്സാപ്പുണ്ടാക്കിയായിരുന്നു തട്ടിപ്പ്. സംഭവത്തിൽ നൈജീരിയക്കാരൻ റൊമാനസ് ക്ലിബൂസനെ ഡൽഹിയിൽ നിന്ന് പിടികൂടിയിരുന്നു.

മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പോലീസ് മേധാവി, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ, സിനിമാതാരങ്ങൾ, മാദ്ധ്യമപ്രവർത്തകർ എന്നിങ്ങനെ പ്രമുഖരുടെ പേരിൽ വ്യാജവാട്സാപ്പുണ്ടാക്കിയാണ് പണം തട്ടിയെടുക്കുന്നത്.നിരവധി സംഭവങ്ങളാണ് ഇതിനോടകം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

തട്ടിപ്പുസംഘം സാധാരണക്കാരുടെ ഫോൺ ഹാക്ക് ചെയ്തു അവരുടെ നമ്പർ ഉപയോഗിച്ചും പണം തട്ടുന്നുണ്ട്.ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ പേരിൽ പണം തട്ടാൻ ശ്രമിച്ച കേസിൽ പോലീസ് പൊക്കിയത് തമിഴ്നാട് സ്വദേശിയെയാണ്.ഇയാളാകട്ടെ ഇൻറർനെറ്റ് ഇല്ലാത്ത ബേസ് മോഡൽ ഫോണാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് തട്ടിപ്പു സംഘം പ്രവർത്തിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. നൈജീരിയൻ സംഘങ്ങളും, ഉത്തരേന്ത്യൻ സംഘങ്ങളും ഒരുമിച്ച്‌ ചേർന്നാണ് ഈ തട്ടിപ്പ് നടത്തുന്നത് .

സംഭവത്തിൽ പോലീസ് ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്, പ്രൊഫൈൽ ചിത്രം കണ്ട് ആരും പണമയക്കരുതെന്നതാണ് ഇതിലെ പ്രധാന മുന്നറിയിപ്പ്. സാധാരണക്കാരുടെ ഫോൺനമ്ബർ ഹാക്ക് ചെയ്തോ, അവരുടെ പേരിലെടുത്ത സിംകാർഡുപയോഗിച്ചോ ആണ് തട്ടിപ്പ് നടത്തുന്നത്. സർക്കാർ വെബ് സൈറ്റുകളിൽ നിന്നും സമൂഹമാദ്ധ്യമങ്ങളിൽ നിന്നുമാണ് ഉന്നതരുടെ ഉൾപ്പെടെ ഫോൺനമ്പറുകൾ എടുക്കുന്നത്. തട്ടിപ്പുസംഭവങ്ങൾ നടക്കുകയാണെങ്കിൽ സൈബർ പോലീസിനെ വിവരം അറിയിച്ചാൽ അക്കൗണ്ടുകൾ മരവിപ്പിക്കാൻ പറ്റുമെന്നും പോലീസ് വ്യക്തമാക്കുന്നു.

Advertisement