സഹതടവുകാരനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍; വ്യവസായി നിഷാമിനെതിരേ വീണ്ടും കേസ്, സംഭവം പൂജപ്പുര സെൻട്രൽ ജയിലിൽ

Advertisement

തിരുവനന്തപുരം: വ്യവസായി മുഹമ്മദ് നിഷാമിനെതിരേ വീണ്ടും കേസ്.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സഹതടവുകാരനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തിലാണ് കേസ്. ജയില്‍ സന്ദര്‍ശനവേളയില്‍ ജില്ലാജഡ്ജി മുമ്പാകെ കരകുളം സ്വദേശി നസീറെന്ന തടവുകാരന്‍ നല്‍കിയ പരാതിയിലാണ് പൂജപ്പുര പോലീസ് നിഷാമിനും കൊലുസു ബിനുവെന്ന തടവുകാരനുമെതിരേ കേസെടുത്തത്.
ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബാബുവിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയാണ് മു​ഹമ്മദ് നിഷാം.

നസീറിന്റെ കാലില്‍ ബിനു രണ്ട് മാസം മുന്‍പ് ചൂടുവെള്ളമൊഴിച്ചു. നസീറിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ജൂണ്‍ 24-നാണ് സംഭവമെന്നാണ് നസീറിന്റെ മൊഴി. ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയായ നസീര്‍. നിഷാമിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് ബിനു നസീറിന്റെ കാലില്‍ ചൂടുവെള്ളമൊഴിച്ചതെന്നാണ് ഇപ്പോഴത്തെ പരാതി.

എന്നാല്‍, ജയില്‍ ബാര്‍ബര്‍ ഷോപ്പിലെ സാമഗ്രികള്‍ വൃത്തിയാക്കാന്‍ വച്ചിരുന്ന ചൂടുവെള്ളം കാലില്‍ വീണെന്നാണ് പൊള്ളലേറ്റ സമയത്ത് നസീര്‍ പറഞ്ഞത്. ഇത് ബിനുവിന്റെ കൈയില്‍ നിന്നും അബദ്ധത്തിന് സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയതെന്നാണ് നസീര്‍ പറയുന്നത്.

കഴിഞ്ഞയാഴ്ച അയ്യപ്പന്‍ എന്ന മറ്റൊരു പ്രതിയും നിഷാമുമായി തര്‍ക്കമുണ്ടായിരുന്നു. നസീറിനെ ആക്രമിക്കാനുള്ള ക്വട്ടേഷനെ സംബന്ധിച്ചായിരുന്നു തര്‍ക്കം. ഇതാണ് നിഷാമിന്റെ അടുപ്പക്കാരനായ ബിനു മനപ്പൂര്‍വം ആക്രമിച്ചതാണെന്ന പരാതി നല്‍കാന്‍ കാരണം. നിഷാമും നസീറുമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നതായും പോലീസിന് സംശയമുണ്ട്. ജയിലില്‍ അനധികൃത സൗകര്യങ്ങളൊരുക്കാന്‍ മേസ്തിരിയായ നസീര്‍ നിഷാമില്‍ നിന്നും പണം പറ്റിയത് സംബന്ധിച്ചാണ് തര്‍ക്കമെന്നാണ് സൂചന. നസീറിന്റെ പരാതിയിലെ ദുരൂഹതയും പോലീസ് അന്വേഷിക്കുന്നുണ്ട്.

വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലായിരുന്ന നിഷാമിനെ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

Advertisement