നിങ്ങളുടെ പിഴവുകള്‍ അറിയാന്‍ നിങ്ങള്‍ സുഹൃത്തുക്കളോടല്ല ചോദിക്കേണ്ടത് പിന്നെയോ, കലക്ടര്‍മാമന്‍ കൃഷ്ണതേജയുടെ കുറിപ്പ്

Advertisement

തിമിര്‍ത്തുപെയ്യുന്ന മഴയില്‍ കലക്ടര്‍മാര്‍ അവധിപ്രഖ്യാപിക്കുന്നതില്‍ പുതുമയൊന്നുമില്ല, എന്നാല്‍ കുട്ടികളോട് അവധിതരാം പക്ഷേ വെള്ളക്കെട്ടില്‍ നീന്താനും തോട്ടുവാരത്ത് ചൂണ്ടയിടാനുംപോകല്ലേ എന്ന് പറഞ്ഞത് ആലപ്പുഴയിലെ പുതിയകലക്ടര്‍ വി.ആർ. കൃഷ്ണ തേജ മാത്രമായിരിക്കും.

ഒരു പടികൂടി കടന്ന് ജോലിക്ക് പോകുന്ന അഛനുമമ്മക്കും മഴക്കോട്ട് എടുത്ത് കൊടുക്കാനും ഒരു ഉമ്മകൊടുത്ത് യാത്രയാക്കാനും പറഞ്ഞത് ആരെന്ത് ട്രോളുണ്ടാക്കിയാലും അവരുടെ ഹൃദയത്തെത്തൊട്ടു. ഒരു പാട് വീടുകളിലെ മാതാപിതാക്കളും കുട്ടികളും മഴത്തണുപ്പില്‍അത് ചര്‍ച്ച ചെയ്തു, ആലപ്പുഴയിലെ കലക്ടര്‍ കുട്ടികള്‍ക്ക് കലക്ടര്‍മാമനാണ് കൂടുതല്‍ പിടിച്ചുവയ്ക്കാതെ കുട്ടികള്‍ക്ക് അവധിപ്രഖ്യാപിക്കുന്നത് കൊണ്ടുമാത്രമല്ല അത്.നേരത്തേതന്നെ പ്രളയക്കെടുതിയില്‍ ജനത്തിന് കൈത്താങ്ങായ കലക്ടറുടെ കഥ അവര്‍ക്കറിയാം. സാരോപദേശങ്ങളുമായി കുട്ടികളെ സമീപിക്കുന്ന കലക്ടറുടെ ജീവിത വിജയത്തിന്‍റെ കഥ ഇപ്പോള്‍ വൈറല്‍ കുറിപ്പാണ് , അതിങ്ങനെ

വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാർഥിയായിരുന്നു ഞാൻ. എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ പഠനം നിർത്തി ഏതെങ്കിലും കടയിൽ ജോലിക്ക് പോകണമെന്നും അത് കുടുംബത്തിന് സഹായകമാകുമെന്നും ബന്ധുക്കൾ പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാനുള്ള പണവുമുണ്ടായിരുന്നില്ല.

വിദ്യാഭ്യാസം തുടരണമെന്നും അതിന് വേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാമെന്നും ഒരു അയൽക്കാരൻ പറഞ്ഞു. പക്ഷേ, ഒരാളിൽ നിന്ന് സഹായം സ്വീകരിക്കാൻ എന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. തുടർന്ന് അമ്മ പറഞ്ഞതനുസരിച്ച് സ്കൂൾ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തിലാണ് എട്ടും ഒൻപതും പത്തും ക്ലാസുകൾ പഠിച്ചത്.

വിദ്യാഭ്യാസം എത്ര പ്രധാനമാണെന്ന് അപ്പോൾ ഞാൻ മനസിലാക്കി. അന്നു മുതൽ നന്നായി പഠിക്കാൻ ആരംഭിച്ചു. പത്താം ക്ലാസിലും ഇന്റർമീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വർണ മെഡൽ ജേതാവായി. എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐ.ബി.എമ്മിൽ ജോലി ലഭിച്ചു. ഡൽഹിയിൽ ജോലിചെയ്യുന്ന സമയത്ത് ഒപ്പം താമസിക്കുന്നയാൾക്കാണ് ഐ.എ.എസ്. എടുക്കണമെന്ന് താല്പര്യമുണ്ടായിരുന്നത്. എനിക്ക് ഐ.എ.എസ്. എന്താണെന്നൊന്നും അറിയില്ലായിരുന്നു. താമസിക്കുന്ന സ്ഥലത്തുനിന്ന് ഐ.എ.എസ്. പരിശീലന സ്ഥാപനത്തിലേക്ക് 30 കിലോമീറ്റർ ദൂരമുണ്ട്. അദ്ദേഹത്തിന് എല്ലാ ദിവസവും പോയിവരാൻ ഒരു കൂട്ട് വേണം. തുടർന്ന് ഐ.എ.എസ്. പരിശീലനത്തിന് എന്നെ നിർബന്ധിച്ച് ചേർത്തു.

പഠിക്കാൻ ആരംഭിച്ചപ്പോൾ എനിക്ക് മനസിലായി ഐ.എ.എസ്. എന്നത് കേവലം ജോലിയല്ല, ഒരു സേവനമാണെന്ന്. ആദ്യത്തെ അവസരത്തിൽ ഞാൻ തോറ്റു. അതോടെ ജോലി ചെയ്തുകൊണ്ട് പഠിക്കാൻ സാധിക്കില്ലെന്ന് മനസിലായി. ആദ്യത്തെ തോൽവിയോടെ ജോലി ഉപേക്ഷിച്ച് പഠിക്കാൻ ആരംഭിച്ചു. 15 മണിക്കൂറോളം കഷ്ടപ്പെട്ട് പഠിച്ചു. പക്ഷേ, രണ്ടാമതും മൂന്നാമതും പരീക്ഷയിൽ പരാജയപ്പെട്ടു. പത്താംക്ലാസിലും ഇന്റർമീഡിയറ്റിലും എഞ്ചിനീയറിങ്ങിലും ഞാനായിരുന്നു സംസ്ഥാനത്ത് ഒന്നാമത്. പക്ഷേ, മൂന്ന് പ്രാവശ്യവും ഐ.എ.എസിൽ പരാജയപ്പെട്ടു.

മൂന്ന് പരാജയങ്ങൾക്ക് ശേഷം എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്റെ ആത്മവിശ്വാസം പൂജ്യമായി. എന്തുകൊണ്ട് ഐ.എ.എസ്. കിട്ടുന്നില്ല എന്ന് ആലോചിച്ചു. ഏകദേശം 30 ദിവസത്തോളം ആചോചിച്ചിട്ടും എന്തുകൊണ്ടാണ് തോറ്റു പോയതെന്നതിന് ഉത്തരം ലഭിച്ചില്ല. എന്തുകൊണ്ട് എനിക്ക് ഐ.എ.എസ്. കിട്ടുന്നില്ലെന്ന് സുഹൃത്തുക്കളോടും ചോദിച്ചു. നിങ്ങൾക്ക് കഴിവുണ്ട്, ബുദ്ധിയുണ്ട് എന്നിട്ടും എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് ഞങ്ങൾക്കും അറിയില്ലെന്നാണ് സുഹൃത്തുക്കൾ മറുപടി പറഞ്ഞത്.

പരിശീലനം ഉപേക്ഷിച്ച് ഐടി കമ്പനിയിൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനേക്കുറിച്ചും ഞാൻ ആലോചിച്ചു. ഐടി കമ്പനിയിൽ ഇന്റർവ്യൂവിന് പോയ എനിക്ക് ജോലി ലഭിച്ചു. ആതോടെ ഐ.എ.എസ്. പരിശീലനം ഉപേക്ഷിച്ച് ഐടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച കാര്യം എല്ലാ സുഹൃത്തുക്കളേയും വിളിച്ച് അറിയിച്ചു. ഇക്കാര്യം കൂട്ടുകാരിൽ നിന്ന് എന്റെ ചില ശത്രുക്കൾ അറിഞ്ഞു. പിറ്റേദിവസം മൂന്ന് ശത്രുക്കൾ എന്റെ മുറിയിലെത്തി എന്നെ കണ്ടു. എന്നോട് അഞ്ച് മിനിറ്റ് സംസാരിക്കണമെന്ന് അവർ പറഞ്ഞു. കൃഷ്ണ നീ ശരിയായ തീരുമാനമാണ് എടുത്തത്, നിനക്ക് ഐ.എ.എസ്. ലഭിക്കില്ല. ഐടി കമ്പനിയിൽ ജോലിക്ക് ചേർന്നത് ശരിയായ തീരുമാനമാണെന്ന് അവർ പറഞ്ഞു.

എന്തുകൊണ്ട് എനിക്ക് ഐ.എ.എസ്. കിട്ടുന്നില്ല എന്ന് അവരോട് തിരിച്ച് ചോദിച്ചു. അവർ ഉടൻ തന്നെ മൂന്ന് കാരണങ്ങൾ പറഞ്ഞു. ഐ.എ.എസ്. ലഭിക്കാൻ എഴുത്ത് പരീക്ഷയിൽ 2000 മാർക്ക് എങ്കിലും കിട്ടണം പക്ഷേ, നിന്റെ കയ്യക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാൽ നല്ല മാർക്ക് കിട്ടില്ല. പാരഗ്രാഫ് ആയി കഥ പോലെ ഉത്തരം എഴുതണം. അത് എങ്ങനെ എഴുതണം എന്ന് നിനക്ക് അറിയില്ല. നീ സ്ട്രെയിറ്റ് ഫോർവേഡായാണ് ഉത്തരം എഴുതിയത്. പകരം, വളരെ ഡിപ്ലോമാറ്റിക്കായും കൺവിൻസിങ്ങായും ഉത്തരം എഴുതണം.

അവർ ഈ മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചുപോയി. അപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി. നിങ്ങൾക്ക് നിങ്ങളുടെ നല്ല വശങ്ങളെക്കുറിച്ച് അറിയണമെങ്കിൽ സുഹൃത്തുക്കളോട് ചോദിക്കണം. ചീത്ത വശങ്ങളേക്കുറിച്ച് അറിയണമെങ്കിൽ ശത്രുക്കളോട് ചോദിക്കുക. തുടർന്ന് കൈയക്ഷരം നന്നാക്കാൻ ഞാൻ പരിശ്രമം ആരംഭിച്ചു. നന്നായി എഴുതാനും ഉത്തരങ്ങൾ മനോഹരമാക്കാനും പഠിച്ചു. ഒടുവിൽ എന്റെ മൂന്ന് പോരായ്മകൾ പരിഹരിച്ച് പരീക്ഷ എഴുതി. പ്രിലിമിനറി പാസായി, മെയിൻ പാസായി, ഇന്റർവ്യൂ പാസായി. 66-ാം റാങ്ക് കരസ്ഥമാക്കി ഐഎഎസ് നേടി. ”

Advertisement