മലപ്പുറം:പരസ്പരം ചോദിച്ചും പറഞ്ഞും പഠിച്ച അമ്മയും മകനും ഒരുമിച്ച് പിഎസ് സി നേടി. 42 ാം വയസില്‍ മകനോടൊപ്പം അമ്മ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക്.അടുത്തിടെ പ്രസിദ്ധീകരിച്ച എല്‍ജിഎസ് പട്ടികയില്‍ 92ാം റാങ്കോടെ മലപ്പുറം അരീക്കോട് സ്വദേശി ബിന്ദുവും എല്‍.ഡി.സി മലപ്പുറം റാങ്ക് ലീസ്റ്റില്‍ 38ാം റാങ്കോടെ മകന്‍ വിവേകുമാണ് സര്‍ക്കാര്‍ ജോലിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.
11 വര്‍ഷമായി അരീക്കോട് മാതക്കോട് അങ്കണവാടിയിലെ അദ്ധ്യാപികയാണ് ബിന്ദു. 2019 -20 വര്‍ഷത്തെ മികച്ച അംഗന്‍വാടി ടീച്ചര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. ഏഴു വര്‍ഷത്തിനുള്ളില്‍ രണ്ടുതവണ എല്‍.ഡി.സിയും എല്‍.ജി.എസ് പരീക്ഷയും എഴുതിയിരുന്നു. അവസാനം എഴുതിയ എല്‍.ജി.എസ് പരീക്ഷയുടെ റാങ്ക് പട്ടികയിലാണ് 41കാരിയായ ഇവര്‍ ഇടംനേടിയത്. ഐ.സി.ഡി.സി സൂപ്രണ്ട് പരീക്ഷയും എഴുതിയിട്ടുണ്ട്.
ഹിന്ദു ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 39 വയസ് വരെയാണ് പി.എസ്.സിക്ക് അപേക്ഷിക്കാനാകുന്നത്. 2019ല്‍ എല്‍.ജി.എസ് അപേക്ഷ ക്ഷണിച്ചപ്പോള്‍ ബിന്ദുവിന് പ്രായം 38 വയസായിരുന്നു. 2021 ഡിസംബറില്‍ 40 വയസുള്ളപ്പോഴാണ് പരീക്ഷയെഴുതിയത്.
സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ടാണ് വിവേകും ബിരുദപഠനത്തിന് ശേഷം പരിശീലനം തുടങ്ങിയത്. കോച്ചിങ് സെന്ററില്‍ പോകാതെ അമ്മയ്ക്കൊപ്പമാണ് വിവേക് പഠിച്ചുതുടങ്ങിയത്.പരസ്പരം ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞുമാണ് ഇരുവരും പഠിച്ചത്. വീട്ടുജോലികള്‍ക്കിടയിലും വിശ്രമത്തിനിടയിലും എല്ലാം ചോദ്യോത്തരങ്ങള്‍, ആ പരിശീലനമാണ് ഒടുവില്‍ വിജയം കണ്ടത്.