പൊന്‍മുടി മലനിരകളില്‍ വന്‍ രത്‌ന നിക്ഷേപമെന്ന് റിപ്പോര്‍ട്ട്

Advertisement


തിരുവനന്തപുരം: പൊന്‍മുടി മലനിരകളില്‍ വന്‍ രത്‌നനിക്ഷേപമെന്ന് റിപ്പോര്‍ട്ട്. ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് പരിശോധനയ്ക്ക് ഒരുങ്ങുകയാണ്.

പാലോട് ഫോറസ്റ്റ് റേഞ്ചിലെ മണിച്ചാലില്‍ ബ്രൈമോറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ഉള്‍വനത്തിലാണ് പരിശോധന നടക്കുക. ക്രിസോബെറില്‍, കാറ്റ്‌സ്‌ഐ, അലക്‌സാന്‍ഡ്രൈറ്റ് എന്നിവയുള്‍പ്പെടെയുല്‌ള രത്‌നങ്ങളുടെ സ്വാഭാവിക നിക്ഷേപം ഇവിടെ ഉണ്ടെന്നാണ് സൂചന.

പത്ത് വര്‍ഷം മുമ്പ് ഇവിടുത്തെ രത്‌നസാന്നിധ്യത്തെക്കുറിച്ച് പഠിക്കാന്‍ വനംവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് ഏതാനും തവണ സന്ദര്‍ശനം നടത്തിയതല്ലാതെ ഒന്നും നടപ്പായില്ല. ഏതായാലും ഇപ്പോള്‍ പഠനം നടത്തുന്നതിന് ജിയോളജി വകുപ്പ് വനം വകുപ്പിന്റെ അനുമതി തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ അന്തിമമാക്കാന്‍ സെപ്റ്റംബറില്‍ പ്രത്യേക യോഗം ചേരാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പഠനത്തിന് കൂടുതല്‍ സമയമെടുക്കുമെന്നാണ് വകുപ്പിലെ ഉന്നത കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്.

മണിച്ചാലില്‍ രത്‌നങ്ങളുടെ വന്‍ ശേഖരമുള്ളതിനാല്‍ ചിലര്‍ ഇവിടെ അനധികൃത ഖനനം നടത്താന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ചില വനംവകുപ്പ് ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ചിലരെ ഇവിടെ നിന്ന് സ്ഥലം മാറ്റി. 2014ലും 2021ലൂം വനത്തില്‍ അതിക്രമിച്ച് കയറി രത്‌നക്കല്ലുകള്‍ തേടി ഖനനം നടത്തിയതിന് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2014ലെ സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 2021ലെ സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

ഇതേ തുടര്‍ന്ന് വനംവകുപ്പ് ഇവിടെ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. വനത്തിനുള്ളില്‍ ക്യാമ്പ് ഷെഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. മണിച്ചാലില്‍ എത്താന്‍ അത്ര എളുപ്പമല്ല. ബ്രൈമോറില്‍ നിന്ന് ഈ പ്രദേശത്ത് കൂടി കടന്ന് പോകുന്ന പുരാതന ബ്രിട്ടീഷ് നിര്‍മ്മിത കുതിരപ്പാതയുണ്ട്. നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബ്രൈമോര്‍ മുതല്‍ പൊന്‍മുടി വരെ നിലവിലുള്ള കുതിരപ്പാത വികസിപ്പിച്ച്‌റോഡ് നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തെ വനം വകുപ്പ് എതിര്‍ത്തിരിക്കുകയാണ്.

Advertisement