‘പിന്നിൽ നിന്നും ആക്രമിച്ചു, കഴുത്തറുത്തതിന് ശേഷം കിണറ്റിലിട്ടു’; കേശവദാസപുരത്തെ കൊലപാതകം അതിക്രൂരമായാണെന്ന് പൊലീസ്

Advertisement

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയായ മനോരമയെ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് പൊലീസ്. ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി ആദം മനോരമയെ പിന്നിൽ നിന്നും ആക്രമിക്കാൻ ശ്രമിച്ചു.

ഈ സമയത്ത് പാക്ക് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു മനോരമ. നിലിവിളിച്ചപ്പോൾ വായ കൂട്ടിപ്പിടിച്ചെന്നും അവരുടെ കയ്യിലുണ്ടായ കത്തി ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

മനോരമയെ കഴുത്തുറത്ത് കൊലപ്പെടുത്തിയ ശേഷമാണ് കിണറ്റിൽ ഇട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാണ്. എന്നാൽ പ്രതിയെ പിടികൂടാതിരുന്നതിനാൽ അതിക്രൂര കൊലപാതകത്തെക്കുറിച്ചുളള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. 21കാരനായ പ്രതി ആദം അലി സ്വദേശമായ ബംഗാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെന്നൈയിൽ വെച്ച്‌ പൊലീസിന്റെ പിടിയിലായിരുന്നു.

ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന ആദമിനെ സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. മനോരമയുടെ ദേഹത്ത് ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തതായി സൂചനകളുണ്ട്.

കൊല്ലപ്പെട്ട കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് മനോരമ (68) യുടെ വീട്ടിൽ നിന്നാണ് ആറാ ആഴ്ചയോളമായി തൊഴിലാളികൾ വെള്ളം എടുത്തിരുന്നത്. കുടിവെള്ളം ഉൾപ്പെടെ എന്താവശ്യത്തിനും കിണറ്റിൽ നിന്ന് വെള്ളം കോരിയെടുക്കാൻ അനുവാദം നൽകിയിരുന്നു. പ്രതിയായ ആദം അലി മനോരമയെ കൊലപ്പെടുത്താൻ നയിച്ചത് വീട്ടുകാർ അനുവദിച്ചിരുന്ന സ്വാതന്ത്ര്യമാണെന്ന് പോലീസ് കരുതുന്നു.

മനോരമയും ഭർത്താവ് ദിനരാജുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കിണറ്റിൽ നിന്ന് വെള്ളം കോരിയെടുക്കാൻ അനുവാദം നൽകിയിരുന്നത് മനോരമയുടെ വീടിന്റെ ഗേറ്റ് കടന്ന് വരാൻ ഇതിലൂടെ പ്രതിയായ ആദമിനും സുഹൃത്തുക്കൾക്കും സ്വാതന്ത്ര്യമായി. ഈ സ്വാതന്ത്ര്യം മുതലെടുത്താകും കൊല നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

പണി നടക്കുന്ന കെട്ടിടത്തിൽ നിന്ന് നോക്കിയാൽ മനോരമയുടെ വീടിന്റെ മുറ്റവും ഹാളുമെല്ലാം കാണാം. ഞായറാഴ്ച രാവിലെ 9 മണിയോടെ ദിനരാജ് ഒരു ചടങ്ങിൽ പങ്കെടുക്കാനായി വർക്കലയിലേക്ക് പോയി. ഇത് ആദം പണി നടക്കുന്ന കെട്ടിടത്തിൽ നിന്ന് കണ്ടു. ഞായറാഴ്ചയായതിനാൽ പണിയും ഉണ്ടായിരുന്നില്ല. ഇതിനുശേഷം ഒരു മണിയോടെ ആദം മനോരമയുടെ വീട്ടിലെത്തി. ഒന്നേകാലോടെ കൊലപാതകം നടന്നെന്നാണ് പോലീസിന്റെ നിഗമനം.

മനോരമ ധരിച്ചിരുന്ന 6 പവന്റെ സ്വർണമാല, കമ്മലുകൾ, വളകൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. അടുക്കളയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ തള്ളുകയായിരുന്നു. അതിനുശേഷം കൊൽക്കത്തയിലേക്ക് കടക്കാൻ ശ്രമിക്കവെ ചെന്നൈ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ (21) പിടികൂടിയത്.

കൊലപാതകത്തിൽ ഇയാളുടെ പങ്ക് വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പോസ്റ്റുമാർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. മനോരമയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കൊണ്ടിടുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സമീപമുള്ള മറ്റൊരു വീട്ടിലേതാണ് സിസിടിവി ദൃശ്യങ്ങൾ. മൃതദേഹം കിണറ്റിലിട്ട ശേഷം അലി തൊട്ടുസമീപത്തെ വീടുകളിലേക്കും പണി നടക്കുന്ന കെട്ടിടത്തിന് മുകളിലേക്കും നോക്കുന്നുണ്ട്. അലിയെ മാത്രമാണ് ദൃശ്യങ്ങളിൽ കാണുന്നത്. സിസിടിവിയിലുള്ള വീട്ടിലും ആൾത്താമസമില്ല.

ആദം അലി പബ്ജി ഗെയിമിന് അടിമയായിരുന്നെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജോലിക്കുശേഷം തിരികെ വന്നാൽ രാത്രി ഏറെ നേരം ഇയാൾ ഗെയിമുകൾ കളിക്കാൻ സമയം ചെലവഴിച്ചിരുന്നതായി കൂടെയുണ്ടായിരുന്ന തൊഴിലാളികൾ വ്യക്തമാക്കിയിരുന്നു. കൂട്ടുകാരോടും വഴക്കിട്ടിരുന്ന ആദം അലി പബ്ജിയിൽ തോറ്റതിനെ തുടർന്ന് മുൻപ് ഫോൺ എറിഞ്ഞു പൊട്ടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സിമ്മുകൾ നിരന്തരം മാറി ഉപയോഗിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. അടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായിരുന്നെന്നും ഇനി ഇവിടെ നിൽക്കുന്നില്ലെന്നും കൂട്ടുകാരോടെ ആദം അലി പറഞ്ഞിരുന്നു.