കണ്ണൂർ : സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കണ്ണൂരിൽ ഒൻപതാം ക്ലാസുകാരി വെളിപ്പെടുത്തിയതിന് പിന്നാലെ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി.
സ്കൂൾ വിദ്യാർത്ഥികളെ ലഹരി നൽകി പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ബാലാവകാശ കമ്മിഷൻ വ്യക്തമാക്കി. വിഷയത്തിൽ റിപ്പോർട്ട് വന്ന ശേഷം തുടർ നടപടികളിലേക്ക് കടക്കും.
പല പ്രായത്തിലുള്ള 11 പെൺകുട്ടികൾക്ക് ലഹരി എത്തിക്കുന്നത് പ്രായപൂർത്തിയാകാത്ത പയ്യനാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പീഡനത്തിന് ഇരയായ ഒമ്പതാംക്ലാസുകാരി നടത്തിയത്. കണ്ണൂർ നഗരത്തിലെ ഏറ്റവും വലിയ ലഹരി ഡീലർമാരിൽ ഒരാളാണ് ഈ പയ്യനെന്ന് പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തുന്നു. തനിക്ക് കഞ്ചാവ് മാത്രമേ നൽകിയിട്ടുള്ളൂ എന്നും എന്നാൽ ചേച്ചിമാർക്ക് എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയവ നൽകി പീഡിപ്പിക്കുന്നുണ്ടെന്നും പെൺകുട്ടി പറയുന്നു.
സൗഹൃദമാണെന്നും പിന്നീട് പ്രണയമാണെന്നും ഭാവിച്ച സുഹൃത്ത് മാനസിക സമ്മർദം കുറയ്ക്കാനെന്ന പേരിലാണ് ആദ്യം ലഹരി നൽകിയതത്രെ. ലഹരി ഉപയോഗിച്ച് പലതവണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ആദ്യം സൗജന്യമായി നൽകി ശീലിപ്പിക്കുന്ന ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാൽ പിന്നീട് ലഹരിക്കുള്ള പണത്തിനായി ശരീരം വിൽക്കാൻ പ്രോൽസാഹിപ്പിക്കും.
ഇതു നിഷേധിക്കുന്നവരെ അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ഉൾപ്പെടെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണതയുണ്ടായതായും മാതാപിതാക്കളുടെ കരുതലിൽ രക്ഷപെട്ടതായും പെൺകുട്ടി പറഞ്ഞു.
ലഹരി വിമുക്തി കേന്ദ്രത്തിലെത്തിച്ച ശേഷം കൗൺസലിങ്ങിലാണ് ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. ഒരു കുട്ടിയുടെ മാതാപിതാക്കൾ മാത്രമാണു പരാതിയുമായി എസിപിയെ സമീപിച്ചത്. ഉടൻ തന്നെ പൊലീസ് നടപടിയെടുത്തതായും മാതാപിതാക്കൾ പറഞ്ഞു. ഫോട്ടോകളും വിഡിയോകളും മറ്റ് വിവരങ്ങളും പൊലീസിനു കൈമാറിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ഇവർ അറിയിച്ചു.
ഒമ്പതാംക്ലാസുകാരിയുടെ സഹപാഠിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഘത്തിൽ ക്യാരിയർമാരായും സ്കൂൾ വിദ്യാർത്ഥികളെ തന്നെയാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ച് നൽകുന്ന സംഘങ്ങൾ സജീവമാണ്.