കഞ്ചാവിന്റെ ‘ഗുണം’ ആംഗ്യപ്പാട്ട് പാടി വിശദീകരിച്ച്‌ നടൻ നെവിൻ അഗസ്റ്റിൻ

Advertisement

കൊച്ചി: ‘കല കല കല കലകാലങ്ങൾ.. ഓടി നടന്നൊരു കാലം പോയി.. നെഞ്ചുവിരിച്ച്‌ പിടിച്ച്‌ നടന്ന്…’ കൊച്ചിയിലെ എക്സൈസ് ഓഫിസിൽ റാപ്പ് ശൈലിയിൽ ആംഗ്യപ്പാട്ട് പൊടിപൊടിക്കുകയാണ്.

കഞ്ചാവിന്റെ ഗുണഗണങ്ങൾ വിശദീകരിച്ചാണ്, ഇന്നലെ അറസ്റ്റിലായ നടനും വ്ലോഗറുമായ ഫ്രാൻസിസ് നെവിൻ അഗസ്റ്റിന്റെ പാട്ടും പ്രകടനവും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാം ചാറ്റിൽ കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ച നെവിൻ, കഞ്ചാവ് കൈവശം വെച്ചതിനാണ് എക്സൈസിൻറെ പിടിയിലായത്.

ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പച്ചക്കറിയാണെന്നാണ് നെവിൻ ന്യായീകരിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും മരണം വരെ ഉപയോഗിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ‘സാറേ കഞ്ചാവടിച്ചാൽ ഇങ്ങനെ ഗുണങ്ങളുണ്ട്, കഞ്ചാവ് തന്റെ രക്തവും ജീവനുമാണ്. കഞ്ചാവ് വിഷമല്ല. കഞ്ചാവ് തെറ്റായിട്ട് തോന്നിയിട്ടില്ല. അത് മയക്കുമരുന്നല്ല. മനുഷ്യനാണ് ഏറ്റവും വിഷം. ഞാൻ പ്രകൃതി സ്നേ​ഹിയാണ്- ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ ഉദ്യോഗസ്ഥരോട് പറഞ്ഞു.

അറസ്റ്റിലായി കൊച്ചിയിലെ ഓഫിസിലെത്തിച്ചപ്പോഴായിരുന്നു, മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ കഞ്ചാവ് ലഹരിയിൽ റാപ്പ് ഗാനത്തിൻറെ ശൈലിയിൽ കഞ്ചാവിൻറെ ഗുണം വിവരിച്ചത്. താനൊരു രോഗിയാണെന്നും അതുകൊണ്ടാണ് കഞ്ചാവ് ഇപയോഗിക്കുന്നതെന്നും ഇയാൾ പറയുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരെ പീഡിപ്പക്കരുതെന്ന് പറഞ്ഞ നെവിൻ, കഞ്ചാവ് ഭൂമിയിൽ വിത്ത് വീണ് മുളയ്ക്കുന്നതാണെന്നും എല്ലാ രോ​ഗങ്ങൾക്കുള്ള മരുന്നാണെന്നും തന്റെ മരണം വരെ ഉപയോ​ഗിക്കുമെന്നും പറഞ്ഞു.

ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും താൻ കഞ്ചാവടിക്കാറുണ്ടെന്ന് വ്യക്തമാക്കിയ ഇയാൾ ഓഫിസിലെത്തിച്ചപ്പോഴും ലഹരിയിലായിരുന്നു. ഇൻസ്റ്റാഗ്രാം ലൈവിലൂടെ തൃശൂരിലെ കൗമാരക്കാരിയുമായി കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുന്ന വീഡിയോ വൈറലായതോടെയാണ് ഇയാളെ എക്സൈസ് സംഘം പൊക്കിയത്.

ഈ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിഡിയോയിൽ ഒപ്പമുണ്ടായവർക്കെതിരെ അന്വേഷണം നടത്തും. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ സംഭവത്തിൽ കാട്ടൂർ പൊലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച്‌ ചർച്ച ചെയ്ത സംഭവത്തിൽ പ്രത്യേകം അന്വേഷണം നടത്തുമെന്നും നിവിന്റെ മൊഴിയെടുക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ടു ഗ്രാം കഞ്ചാവ് കൈവശം വച്ചതിനാണ് ഫ്രാൻസിസ് നെവിൻ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്.

Advertisement