കോഴിക്കോട്: കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ പരസ്യത്തിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വീകരിക്കുമെന്നും സിനിമയുടെ പരസ്യത്തെ ആ നിലയിൽ തന്നെ എടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു.
‘സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ല. പലകാലങ്ങളിലും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് സിനിമകളിൽ ട്രോളുകൾ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ സംബന്ധിച്ച് കേരളത്തിന്റെ ദീർഘകാലമായുള്ള ഈ പ്രശ്‌നം പരിഹരിക്കപ്പെടണം. അതുതന്നെയാണ് വകുപ്പിന്റെയും അഭിപ്രായം. റോഡുകൾ നന്നാക്കുന്നതിനായി പല തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
ഒന്നാമതായി ശരിയായ ഡ്രെയിനേജ് സംവിധാനം സംസ്ഥാനത്ത് വേണം. എന്നാലേ റോഡുകൾ സംരക്ഷിക്കപ്പെടുകയുള്ളൂ. രണ്ടാമത്തെത് കാലാവസ്ഥയുടെ പ്രശ്നമാണ്. മൂന്നാമതായി തെറ്റായ പ്രവണതകളാണ്. അങ്ങനെ പറഞ്ഞാൽ റോഡിൽ ചെലവഴിക്കേണ്ട പണം ചെലവഴിക്കപ്പെടാതെ പോകുക. അത് വച്ചുപൊറുപ്പിക്കാൻ പറ്റാത്ത ഒന്നാണ്. അതിന് ഒരു കൂട്ടുക്കെട്ട് ഉണ്ടാകുന്നു. അതിനോട് സന്ധി ചെയ്യുന്നവരല്ല സർക്കാർ. കാലാവസ്ഥയുടെ പ്രത്യേകത കണ്ട് പുതിയ ടെക്‌നോളജി എങ്ങനെ ഉപയോഗപ്പെടുത്താൻ പറ്റുമെന്നാണ് നോക്കുന്നത്. വിമർശനവും നിർദേശങ്ങളും ഏത് നിലയിൽ നിന്നും സ്വീകരിക്കും.’- മന്ത്രി റിയാസ് പ്രതികരിച്ചു.