അവയവം മാറ്റി വെച്ച രോഗി മരിച്ച സംഭവം; നെഫ്രോളജി വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ നെഫ്രോളജി വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആശ തോമസിനായിരുന്നു അന്വേഷണ ചുമതലയുണ്ടായിരുന്നത്. അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി.

ചുമതലകൾ നിർവഹിച്ചില്ലെന്നും ശസ്ത്രക്രിയയ്ക്കുള്ള നിർദേശം നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.മാനദണ്ഡം അനുസരിച്ചല്ല അവയവങ്ങൾ കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത്. രോഗിയുടെ മരണത്തിന് കാരണമായത് വൃക്ക വൈകിയതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.വകുപ്പ് മേധാവിക്കെതിരെ നടപടിയെടുക്കാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

തിരുവനന്തപുരം കാരക്കോണം കുമാർഭവനിൽ റിട്ട ഐടിഐ ഇൻസ്ട്രക്ടർ ജി.സുരേഷ്‌കുമാർ (62) ആണു അവയവം മാറ്റിവച്ച ശേ്ഷം മരിച്ചത്.ആലുവയിൽനിന്ന് ഇരുനൂറിലേറെ കിലോമീറ്റർ വേഗത്തിൽ മൂന്ന് മണിക്കൂർ കൊണ്ട് എത്തിച്ച വൃക്ക വച്ചുപിടിപ്പിക്കാൻ മൂന്നര മണിക്കൂർ വൈകിയതോടെയാണ് മരണം. വൃക്ക അടങ്ങിയ പെട്ടി മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ പുറത്തുനിന്നുള്ളവർ എടുത്തുകൊണ്ട് ഓടിയത് അടക്കം വിവാദമായിരുന്നു.

ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച തൃശൂർ വരന്തരപ്പിള്ളി ചുള്ളിപ്പറമ്പിൽ ജിജിത്തിന്റെ (39) വൃക്കയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. മുൻകൂട്ടി തീരുമാനിച്ചിരുന്ന അടിയന്തര ശസ്ത്രക്രിയയായിട്ടും പ്രോട്ടോക്കോൾ പ്രകാരമുള്ള തയാറെടുപ്പുകൾ നടത്തിയില്ല.

സർജൻമാരും ഉണ്ടായിരുന്നില്ല. ഇതെച്ചൊല്ലി നെഫ്രോളജി, യൂറോളജി ഡോക്ടർമാർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ആശുപത്രി സൂപ്രണ്ട് എത്തി സർജൻമാരെ വിളിച്ചു വരുത്തുകയായിരുന്നു. ഇതിന് ശേഷമാണ് ഡയാലിസിസിനു ശേഷം സുരേഷിനെ തിയറ്ററിലെത്തിച്ചത്.

Advertisement