വാരിക്കുഴിയിലെ കൊലപാതകം..

Advertisement

ദീപക് അനന്തന്‍

കുഴിയിൽ വീണ കിളികളാണ് നാം..എന്ന് പനച്ചൂരാൻ ആകാശത്തിരുന്ന് പാടുന്നുണ്ടാകാം ചിലരുടെ കിടപ്പ് കണ്ട്. ആറ്റിലേക്ക് അച്യുതാ ചാടല്ലേ എന്ന് പറയാനുള്ള ഗ്യാപ് പോലും നൽകാതെ ജഗതി ചാടും പോലെയല്ലേ യശോദേ…എന്ന് വിളിച്ച് കൂട്ടം കൂട്ടമായി കുഴിയിൽ ചാടിയത്‌.നടുവൊടിഞ്ഞ ചിലർ നീന്തിക്കയറി സിനിമ കാണാനും പോയി.!”ഞാൻ ഈ സിനിമയിൽ ഇല്ല., പക്ഷേ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയി.!”എന്ന് സൂപ്പർതാരങ്ങളെ വെച്ച് പോസ്റ്റർ ഇറക്കി ദേശാടനം സിനിമ വിജയിപ്പിച്ച ജയരാജ് ഒക്കെ ഈ അന്തം വിട്ട മാർക്കറ്റിംഗ് തന്ത്രം കണ്ട് ഞെട്ടിക്കാണും.!

പോസ്റ്ററൊട്ടിക്കാൻ അരക്കിലോ മൈദ പോലും കലക്കുന്ന ചിലവില്ലാതെ,പഴയ ദേവദൂതരെ പൊടിതട്ടിയെടുത്ത് സോഷ്യൽ മീഡിയയിലോട്ടിട്ടു.ശേഷം ഒരു ഒരു ചെറ്യേ കുഴിയെടുത്ത് പത്രത്തിലും.ഒരു ശരാശരി സിനിമയുടെ പിന്നണിക്കാർ കുഴിച്ച ആ വാരികുഴിയിൽ കിടന്ന് ബഹിഷ്ക്കരണ മുദ്രാവാക്യം വിളിക്കുന്ന സൈബർദൂതരെയാണ് പിന്നെ നേരം വെളുത്തപ്പോൾ കേരളം കണ്ടത്‌. പൊതുമരാമത്ത് മന്ത്രിയും പിള്ളാരും തക്കസമയത്ത് വന്ന് വലിച്ചു കയറ്റിയില്ലായിരുന്നെങ്കിൽ ചാരിത്ര്യം തന്നെ നഷ്ടപ്പെട്ടേനേ.!

കുളത്തിനോട് പിണങ്ങി കുണ്ടി കഴുകാതെ നടന്നാൽ കുളത്തിനും ഇണ്ടിഗോയ്ക്കുമൊന്നും ഒരു ക്ഷീണവുമുണ്ടാകില്ല എന്ന് ഇനി എന്നാണ് പഠിക്കുക..?

പബ്ളിസിറ്റി ഇനത്തിൽ ലക്ഷങ്ങളുടെ ലാഭം സിനിമാ നിർമ്മാതാവിന് സമ്മാനിച്ച ബഹിഷ്ക്കരണ വാദികൾക്കായി ഒരു ദിവസം ഫ്രീ ഷോ അനുവദിക്കാനുള്ള വിശാല മനസ്ക്കതയാണ് ഇനി നിർമ്മാതാവ് കാട്ടേണ്ടത്.അല്ലെങ്കിൽ ഞങ്ങാ പോയി കേസുകൊടുക്കും.!

Advertisement