തിരുവനന്തപുരം: വിദ്യാർഥികൾ ‘പണിയെടുത്ത്’ പോക്കറ്റിലാക്കിയത് 20 ലക്ഷം. സർക്കാർ കോളേജ് വിദ്യാർത്ഥികളാണ് ഇങ്ങനെ തൊഴിലിലൂടെ ശമ്പളം നേടിയത്.
പേര് സൂചിപ്പിക്കും പോലെ പഠനത്തോടൊപ്പം കേരളത്തിലെ സർക്കാർ കോളേജ് വിദ്യാർത്ഥികൾക്ക് വരുമാനവും ഉറപ്പാക്കുകയാണ് ‘ഏൺ വൈൽ യു ലേൺ’ പദ്ധതി . വരുമാനമെന്നാൽ ശമ്പളമെന്ന് തന്നെയാണർത്ഥം. ശമ്പളമായി കഴിഞ്ഞ വർഷം സർക്കാർ കോളേജിലെ വിദ്യാർത്ഥികൾ കൈപ്പറ്റിയത് ഇരുപത് ലക്ഷം രൂപയാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കേരളത്തിലെ 75 സർക്കാർ കോളേജുകളിൽ ഏൺ വൈൽ യു ലേൺ പദ്ധതി നടപ്പാക്കുന്നത്.
പഠനത്തോടൊപ്പം തൊഴിലവസരം സൃഷ്ടിക്കുക, സമ്പാദ്യശീലം രൂപപ്പെടുത്തി സാമ്പത്തിക ഭദ്രതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക, തൊഴിൽ നൈപുണ്യം വളർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഡോക്യുമെന്റേഷൻ, ഡിജിറ്റലൈസേഷൻ, വെബ് ഡിസൈനിംഗ്, ഡേറ്റാ എൻട്രി എന്നിവയ്ക്ക് വിദ്യാർത്ഥികളെ ഉപയോഗിക്കും. മണിക്കൂറിന് നൂറ് രൂപ നിരക്കിലാണ് ശമ്പളംനൽകുക.
ഇതിന് പുറമെ സോപ്പ് നിർമ്മാണം, ആഭരണ നിർമ്മാണം ഡോൾ മേക്കിംഗ് എൽഇഡി ബൾബ് നിർമ്മാണം എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയും ചെയ്യും. ഇങ്ങനെ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ പ്രത്യേക വിപണി കണ്ടെത്തിയാണ് വിറ്റഴിക്കുന്നത്. കോളേജുകളിൽ അടുക്കളത്തോട്ടം നിർമ്മാണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. ആകെ ഒരു കോടി 21 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി അനുവദിച്ചത്. അതിൽ ഇരുപത് ലക്ഷം രൂപ ശമ്പളം നൽകിയ ഇനത്തിലും ബാക്കി തുക അസംസ്‌കൃത വസ്തുക്കൾ വാങ്ങാനും അടിസ്ഥാന സൗകര്യമൊരുക്കാനുമാണ് ഉപയോഗിച്ചത്. ഈ അധ്യയന വർഷംമുതൽ എയ്ഡഡ് കോളേജുകളിലും പദ്ധതി നടപ്പാക്കും.