കണ്ണൂർ : കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ഡോ.പ്രിയാ വർഗീസ്. വിവരാവകാശരേഖ എന്നുപറഞ്ഞ് എഴുന്നള്ളിക്കുന്ന ചില അക്കങ്ങളിലെ കള്ളക്കളികൾ ഇപ്പോൾത്തന്നെ തുറന്നുകാട്ടേണ്ടതുണ്ടെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്കിലൂടെയാണ് അവരുടെ വിശദീകരണം. അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഡോ. പ്രിയാ വർഗീസ് റിസർച്ച് സ്‌കോറിൽ ഏറെ പിറകിലാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരാവകാശ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് റാങ്ക് അട്ടിമറിച്ചതാണെന്ന ആരോപണം നിലനിൽക്കെയാണ് രേഖ പുറത്തുവന്നത്. മാനദണ്ഡങ്ങൾ മറികടന്നാണ് നിയമനമെന്നുപറഞ്ഞ് വിവരാവകാശ രേഖകൾ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സമർപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയക്ക് ഒന്നാംറാങ്ക് നൽകാൻ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി മുൻവിധിയോടെയാണ് ഇന്റർവ്യൂ നടത്തിയതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം പരാതിയിൽ പറയുന്നത്. ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളെയടക്കം വിമർശിച്ചുകൊണ്ടാണ് പ്രിയാ വർഗീസ് വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.
വിവരാവകാശ രേഖമൂലം പുറത്തുവന്ന റിസർച്ച് സ്‌കോർ കമ്പ്യൂട്ടർ ജനറേറ്റഡ് ആണെന്നാണ് പ്രിയയുടെ വാദം. ഓൺലൈൻ അപേക്ഷകളിൽ കമ്പ്യൂട്ടറിൽ വരുന്ന ഓട്ടോ ജനറേറ്റഡ് മാർക്കുകളാണ് ഇവയെന്നും സർവ്വകലാശാല അത് മുഴുവൻ പരിശോധിച്ചു വകവെച്ചു തന്നിട്ടുള്ളതല്ലെന്നും പ്രിയാ വർഗീസ് പറയുന്നു.
‘കോവിഡ് കാലമായിരുന്നതുകൊണ്ട് അപേക്ഷ ഓൺലൈൻ അപേക്ഷയായിട്ടായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. ഈ ഓൺലൈൻ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മൾ ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറക്ക് സ്‌കോർ കോളത്തിൽ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോൾ നമ്മുടെ ആകെ സ്‌കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇങ്ങനെ ഓൺലൈൻ അപേക്ഷയിൽ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ അടയാളപ്പെടുത്തിയ അക്കങ്ങൾ ആണ് ഇപ്പോൾ ഈ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്മേൽ സർവ്വകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് (ഫിസിക്കൽ വെരിഫിക്കേഷൻ) നടത്തിയിട്ടില്ല. സാധാരണ ഇതു നടക്കാറുള്ളത് ഇന്റർവ്യൂ ദിവസമാണ്. ഇന്റർവ്യൂ ഓൺലൈൻ ആയിരുന്നതുകൊണ്ട് അന്നും അത് നടന്നില്ല. അതായത് എന്റെ 156-ഉം അപരന്റെ 651-ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്. സർവ്വകലാശാല അത് മുഴുവൻ പരിശോധിച്ചു വകവെച്ചു തന്നിട്ടുള്ളതല്ല’, പ്രിയ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
തനിക്കും വിവരാവകാശ രേഖയിൽ ഒന്നാമതായി കാണുന്ന ആൾക്കും തമ്മിലുള്ള മാർക്കിൽ ഇത്ര അന്തരം വരാനുള്ള കാരണവും അവർ വിശദീകരിക്കുന്നുണ്ട്.