സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമക്കേസിൽ ജാമ്യഉത്തരവിൽ കോഴിക്കോട് സേഷൻസ് കോടതി നടത്തിയ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവും

Advertisement

കോഴിക്കോട്: എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരിയായ യുവതിക്കെതിരെ വളരെ മോശമായ പരാമർശങ്ങളാണ് കോടതി നടത്തിയത് . ലൈംഗികമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും,ഇന്ത്യൻ ശിക്ഷാ നിയമം 354 ആം വകുപ്പ് പ്രകാരം പ്രഥമദൃഷ്ട്യാ കേസ്
എടുക്കാനാകില്ലെന്നാണ് കോടതി പരാമർശിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള കോടതിയുടെ പരാമർശം അപഹാസ്യവും അപലനീയവുമാണ്

സ്വാതന്ത്ര്യം ലഭിച്ച് 75 ആം വാർഷികം ആഘോഷിക്കുന്ന ഒരു രാജ്യത്ത് ഇന്നും സ്ത്രീകൾ ഇത്തരത്തിലുള്ള അവഹേളനങ്ങൾ നീതിന്യായ വ്യവസ്ഥയുടെ ഭാഗത്തു നിന്നുപോലും നേരിടേണ്ടി വരുന്നു എന്നുള്ളത് അപഹാസ്യമാണ്. ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നതിനു തൊട്ടു പിന്നാലെയാണ് കേരളത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്.

പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്ന സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന മാനസിക വേദനയും പരിഹാസങ്ങളെയും ചൂഷണങ്ങളെയും ഭയന്ന് പരാതിപ്പെടാതെ ജീവിക്കുന്ന ഒരുപാട് ഇരകൾ നമുക്കിടയിലുണ്ട്. പൗരാവകാശങ്ങൾ സംരക്ഷിക്കേണ്ട കോടതിയിൽ നിന്ന് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകുന്നത് സ്ത്രീകളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. നീതി ലഭിക്കില്ല എന്നൊരു പൊതുബോധത്തിലേക്ക് സ്ത്രീ സമൂഹത്തെ തള്ളി വിടാൻ മാത്രമേ ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉപകരിക്കുകയുള്ളൂ. വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിൽ പരാതി നിലനിൽക്കില്ല എന്ന തരത്തിൽ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ നടത്തിയിട്ടുള്ള പരാമർശം ഒട്ടും ഭൂഷണമല്ല. ഒരു പുരോഗമന സമൂഹത്തിന് ചേരാത്ത തരത്തിലുള്ള ഇത്തരം കോടതി പരാമർശങ്ങൾ തികച്ചും പ്രതിഷേധാർഹമാണ്.
ജഡ്ജിയുടെ സിവിക് സെൻസ് സിവിക് ചന്ദ്രന്റേതുമായി നല്ല ചേർച്ചയുണ്ടെന്നതാണ് ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്.