ചക്ക നിർജലീകരിച്ചു സൂക്ഷിക്കാൻ പുതുവഴികളുമായി ‘ചക്കക്കൂട്ടം’

Advertisement

കൊല്ലം: പ്രതിവർഷം വൻതോതിലാണ് നമ്മുടെ നാട്ടിൽ ചക്ക പാഴായി പോകുന്നത്. ഏകദേശം പത്ത്ടണ്ണോളം ചക്ക പാഴായി പോകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ഇത്തരത്തിൽ നഷ്ടമാകാതെ എങ്ങനെ സൂക്ഷിച്ച് ഭാവിയിൽ ഉപയോ​ഗിക്കാം എന്നതിനെക്കുറിച്ചാണ് ഈ രം​ഗത്തുള്ളവർ ഏറെ കാലമായി ആലോചിക്കുന്നത്.

കൊല്ലം വെളിയത്തെ തപോവൻ ജാക്‌സ് എന്ന പ്ലാവ് പ്ലാന്റേഷന്റെ അഞ്ചാംവാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന ചക്കക്കൂട്ടത്തിലെ ചൂടുള്ള ചർച്ചകളിലൊന്ന് അതായിരുന്നു.

ചക്കയിലെ ജലാംശംമാറ്റി സൂക്ഷിക്കാനുള്ള ഡ്രൈയറുകൾ രംഗത്തെത്തിയിരിക്കുന്നു. ഇലക്ട്രിക്കൽ ഡ്രൈയറും വിറകുപയോഗിക്കുന്ന ഡ്രൈയറുകളുമുണ്ട്. ചക്കയരിഞ്ഞ് ഇതിലിട്ട് ഉണക്കിസൂക്ഷിച്ചാൽ പിന്നീട് ആവശ്യംവരുമ്പോൾ വെള്ളത്തിലിട്ടാൽ മതി. പ്രിസർവേറ്റീവ് വേണ്ട. ചക്കയുടെ തനതു രുചിയോടെതന്നെ ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണമെന്ന് തപോവന്റെ ഉടമയും അഭിഭാഷകനുമായ വെളിയം രാജീവ് പറഞ്ഞു.

പച്ചച്ചക്കയും ഇങ്ങനെ ഉണക്കി പിന്നീട് ചക്കപ്പുഴുക്കുണ്ടാക്കാൻ ഉപയോഗിക്കാം. ചക്കക്കുരുവും ഉണക്കിസൂക്ഷിക്കാം. പൊടിയായും സൂക്ഷിക്കാം. ഈ പൊടി കാപ്പിപോലെ കലക്കിക്കുടിക്കാം. കഫീൻ ഇല്ലാത്ത ആരോഗ്യകരമായ കാപ്പി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചക്കക്കുരു പൊടിയുടെ ചമ്മന്തിയും ചക്കപ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ്.

”2050 ആകുമ്പോൾ ഇന്നുണ്ടാക്കുന്ന ആകെ ഭക്ഷണത്തിന്റെ 60 ശതമാനംകൂടി ആവശ്യമായിവരും. ഈ സാഹചര്യത്തിലാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന 10 ലക്ഷം ടൺ ചക്കയുടെ പ്രസക്തി. ചക്ക ലോകത്തിന്റെ ഭാവിഭക്ഷണമായി മാറുന്നതിന്റെ അടിസ്ഥാനകാരണവും ഇതാണെന്ന് ചക്കയുടെ ഓൺലൈൻ പ്രൊമോട്ടറും ജാക്ഫ്രൂട്ട് വേൾഡ് എന്ന ആപ്‌ളിക്കേഷൻ അവതരിപ്പിച്ചയാളുമായ ജോയ്സ് റാന്നി പറയുന്നു.

ഉണക്കി മാത്രമല്ല ഫ്രീസ് ചെയ്തു സൂക്ഷിക്കാനുള്ള ശാസ്ത്രീയമാർഗങ്ങളും ഇപ്പോഴുണ്ട്. റിട്ടോർട്ട് പാക്കിങ് രീതിയും ഉണ്ട്. ചെലവു കൂടുമെന്നതാണ് പ്രശ്‌നം. നമ്മുടെ സാമ്പത്തികാവസ്ഥയിൽ ഡ്രൈയറുകളാണ് താങ്ങാനാകുക.” ശാസ്ത്രീയമായ കൃഷിയിലൂടെ ഉത്പാദനവും ലാഭവും വർധിപ്പിക്കാം. കർഷകർക്ക് സമൂഹത്തിൽ മാന്യമായ പരിഗണനയും ലഭിക്കും.

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ കാർഷികരംഗം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ചക്കപ്രേമികളുടെ കൂട്ടായ്മ ഈ ലക്ഷ്യത്തോടെയാണ് പുതിയ ആപ്ലിക്കേഷനുകൾ രംഗത്തെത്തിക്കുന്നത്. പ്ലാവ് കൃഷിയിലേക്ക് കൂടുതൽപേർ കടന്നുവരുന്നതിന്റെ സൂചനകളും ‘ചക്കക്കൂട്ട’ത്തിൽ കണ്ടു.

Advertisement