സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്കായി പണമില്ല, 3000 കോടി കടമെടുക്കാൻ നീക്കവുമായി സർക്കാർ; ചൊവ്വാഴ്ച കടപ്പത്രങ്ങൾ ലേലം ചെയ്യും

Advertisement

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണാഘോഷങ്ങൾ പൊടി പൊടിക്കാൻ 3000 കോടി കടമെടുക്കാൻ നീക്കം. പെൻഷൻ, ശമ്പളം എന്നീ ചെലവുകൾക്കായി പ്രതിമാസം 6000 കോടിയാണ് ചെലവ്.

ഓണക്കാലമായതിനാൽ 3000 കോടി അധികം വേണ്ടതിനാലാണ് ഇപ്പോൾ കടമെടുക്കാൻ ഒരുങ്ങുന്നത്.

ഇതിന്റെ ആദ്യഘട്ടമായി ആയിരംകോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ എല്ലാ ചൊവ്വാഴ്ചയും റിസർവ് ബാങ്കിലൂടെ കടപ്പത്രങ്ങളുടെ ലേലം നടക്കാറുണ്ട്. ഓണത്തിന് രണ്ടുമാസത്തെ (ജൂലായ്, ഓഗസ്റ്റ് ) ക്ഷേമപെൻഷൻ ഒരുമിച്ചുനൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായും 1800 കോടിരൂപ വേണം. ബോണസ്, ഉത്സവ അഡ്വാൻസ് എന്നിവയ്ക്കായി കഴിഞ്ഞവർഷത്തെ നിരക്കിൽ 800 കോടിരൂപ വേണ്ടിവരും. ഇത്തവണ ഡിസംബർ വരെ 17,936 കോടിരൂപ വായ്പയെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഇതിൽ 4000 കോടിയോളം ഇതിനകം എടുത്തു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ബോണസ് കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ നൽകിയേക്കില്ലെന്നും സൂചനയുണ്ട്. കഴിഞ്ഞവർഷം നാലായിരം രൂപയാണ് ബോണസ് നൽകിയത്. അതിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും നൽകി. 15,000 രൂപയാണ് തിരിച്ചടയ്‌ക്കേണ്ട ഉത്സവ അഡ്വാൻസായി നൽകിയത്. ഇതേനിരക്കിലായിരിക്കും ഇത്തവണയും ആനുകൂല്യങ്ങൾ. ഇതുസംബന്ധിച്ച തീരുമാനം തിങ്കളാഴ്ച ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.