തൊടുപുഴ: ലോഡ്ജില്‍നിന്ന് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്. തൊടുപുഴയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്. ഇവരില്‍നിന്നും 6.6 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത യുവതി അലറിക്കരഞ്ഞാണ് പൊലീസ് ജീപ്പിലേക്ക് കയറിയത്. സ്റ്റേഷനിലെത്തിയിട്ടും യുവതി നിര്‍ത്താതെ കരഞ്ഞ് ബഹളമുണ്ടാക്കി.
തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും കച്ചവടവും നടക്കുന്നുണ്ടെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ യുവതിയും യുവാവും പിടിയിലാകുന്നത്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി ഇവരെ കസ്റ്റഡിയിലെടുത്തത്. അഞ്ചുലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് ചൂടാക്കുന്നതിനുള്ള കുഴലും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള ചെറിയ പായ്ക്കറ്റുകളും ലോഡ്ജില്‍ നിന്നും കണ്ടെത്തി. യുവതിയും യുവാവും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജില്‍ എത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്ന സൂചന കിട്ടിയ പ്രദേശത്തെ വ്യാപാരികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അറസ്റ്റിലായ യൂനസ് നേരത്തേയും ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നു. പോലീസ് സംശയിക്കാതിരിക്കാന്‍ ലോഡ്ജ് കേന്ദ്രീകരിച്ച് 22-കാരിയായ അക്ഷയയെ ഉപയോഗിച്ച് വില്‍പ്പന നടത്തുകയായിരുന്നു പതിവ്. എംഡിഎംഎയുമായി എത്തിയശേഷം അത് വിറ്റുതീരുന്നതുവരെ ഇവിടെ താമസിക്കുന്നതായിരുന്നു ഇരുവരുടെയും പതിവ്.