‘ആദ്യമായാണ് രാജുവേട്ടാ എന്ന് വിളിച്ച്‌ ഒരു മേയർ പരിപാടിയ്ക്ക് ക്ഷണിക്കുന്നത് : പൃഥ്വിരാജ്

Advertisement

തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ നിർമിച്ച കേരളത്തിലെ ഏറ്റവും വലിയ കാൽനടമേൽപ്പാലത്തിൻറെ ഉദ്ഘാടന ചടങ്ങിൽ പൃഥ്വിരാജ് മുഖ്യാതിഥിയായിരുന്നു.

മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച ‘അഭിമാനം അനന്തപുരി’ സെൽഫി പോയിൻറിൻറെ ഉദ്ഘാടനവും താരം നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മേൽപ്പാലം നാടിന് സമർപ്പിച്ചു.

വൻ ജനക്കൂട്ടം പങ്കെടുത്ത കിഴക്കേക്കോട്ടയിലെ ഉദ്ഘാടന വേദിയിലേക്ക് പ്രിയ താരം എത്തിയപ്പോൾ ആരാധകർ ആർത്തുവിളിച്ചു. ഒരുപാട് കാലത്തിന് ശേഷമാണ് തിരുവനന്തപുരത്ത് തൻറെ സിനിമയുടെ ഷൂട്ടിങ് നടക്കുന്നതെന്നും യാദൃച്ഛികവശാൽ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂൾ ചെയ്യപ്പെടാനും അതിൽ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് താനെന്ന് പൃഥ്വിരാജ് പറഞ്ഞു.

പരിപാടിയുടെ അധ്യക്ഷയായ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ‘രാജുവേട്ടൻ’ എന്ന് വിളിച്ചാണ് വേദിയിലേക്ക് ക്ഷണിച്ചത്. ‘ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച്‌ അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു’ എന്ന് പൃഥ്വിരാജും മറുപടി നൽകി.

എല്ലാവരും, ജനിച്ച നാട്ടിൽ പോകുമ്പോൾ പറയുന്ന സ്ഥിരം ഡയലോഗാണ് ജനിച്ച നാട്ടിൽ വരുമ്പോഴുള്ള സന്തോഷം എന്ന്. ഇതിൽ യഥാർത്ഥത്തിലുള്ള സന്തോഷം എന്താണെന്ന് അറിയാമോ, ഞാനൊക്കെ കോളേജിൽ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയിൽ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിംഗ്. ഞങ്ങളൊക്കെ ബൈക്കിൽ സ്പീഡിൽ പോയതിന് പല തവണ പൊലീസ് നിർത്തിച്ചിട്ടുണ്ട്. ആ വഴിയിൽ ഒരു പൊതുചടങ്ങിൽ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സത്യത്തിൽ ഒരു പ്രത്യേക സന്തോഷം തന്നെയുണ്ട്’.- പൃഥ്വിരാജ് പറഞ്ഞു.

Advertisement