തിരുവനന്തപുരം.ലോകായുക്ത ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ കെടി ജലീല്‍ കുഴപ്പത്തിലാക്കുമെന്ന് കെ.കെ.ശൈലജയുടെ ആത്മഗതം. ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനിടെ, കെടി ജലീല്‍ ഇടപെട്ടപ്പോഴായിരുന്നു ഈ പരാമര്‍ശം. വാ വിട്ട വാക്ക് വിവാദമായതോടെ വിശദീകരണവുമായി കെ.കെ.ശൈലജ രംഗത്തെത്തി.
ലോകായുക്ത ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു കെ.കെ.ശൈജല. അപ്പോഴാണ് കെ.ടി.ജലീലലിന്റെ ഇടപെടലുണ്ടായത്. ജലീലിന് സംസാരിക്കാനായി സീറ്റിലിരിക്കുമ്പോഴായിരുന്നു കെ.കെ.ശൈലജയുടെ ആത്മഗതം. മൈക്ക് ഓഫാകും മുന്‍പു നടത്തിയ പരാമര്‍ശം സഭാ ടിവിയിലൂടെ നാടറിഞ്ഞു.
പ്രതിപക്ഷം പരാമര്‍ശം ഏറ്റെടുത്തതോടെയാണ് ഫേസ്ബുക്കില്‍ കെ.കെ.ശൈലജയുടെ വിശദീകരണം പ്രത്യക്ഷപ്പെട്ടത്. പ്രസംഗസമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്തായിരുന്നു പരാമര്‍ശമെന്ന് അവര്‍ പറയുന്നു. അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും കെ.കെ.ശൈലജ വിശദീകരിച്ചു.