തിരുവനന്തപുരം. പാര്‍ട്ടി കുട്ടികളുടെ വിവാഹം ശരിക്കും പാര്‍ട്ടിക്കാര്യം. മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എയും തമ്മിലുള്ള വിവാഹത്തിന് സ്വന്തം നിലയില്‍ ക്ഷണക്കത്തിറക്കി സിപിഎം.
ലളിതമായി തയ്യാറാക്കിയ കത്തില്‍ രക്ഷകര്‍ത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടിയിലെ ഭാരവാഹിത്തം ആണ് നല്‍കിയിരിക്കുന്നത്. സച്ചിന്‍ ദേവ് സി.പി.എം. കോഴിക്കോട് ജില്ലാ കമ്മറ്റി അംഗമാണ്. ആര്യാ രാജേന്ദ്രന്‍ ചാല ഏരിയാ കമ്മറ്റി അംഗവും. വിവാഹത്തിന് എല്ലാവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതാവട്ടെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കത്ത് പുറത്തിറക്കിയിരിക്കുന്നത്.
നേരത്തെ വിവാഹത്തിന് ശേഷം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ഒരുക്കുന്ന സൗഹൃദ വിരുന്നിന്റെ ക്ഷണക്കത്ത് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയിരുന്നു. ഈ കത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത് പേരിനൊപ്പം വിലാസമല്ല, പകരം പാര്‍ട്ടിയിലെ ഭാരവാഹിത്വം തന്നെയാണ്. സെപ്റ്റംബര്‍ നാലിന് തിരുവനന്തപുരം എ.കെ.ജി ഹാളിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. രാവിലെ 11നാണ് വിവാഹച്ചടങ്ങുകള്‍. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുക.
മാര്‍ച്ച് ആറിനാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എ.കെ.ജി സെന്ററില്‍ വച്ചായിരുന്നു അന്നും ചടങ്ങുകള്‍. ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ച ഇരുവരും സുഹൃത്തുക്കളായിരുന്നു. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ് സച്ചിന്‍ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് തിരുവനന്തപുരം സ്വദേശിയായ ആര്യ രാജേന്ദ്രന്‍.
21-ാം വയസില്‍ തിരുവനന്തപുരം മേയര്‍ പദവിയിലെത്തിയ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റുകൂടിയാണ് ആര്യ. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ നിന്നാണ് സച്ചിന്‍ ദേവ് വിജയിച്ചത്. നിലവില്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ് സച്ചിന്‍.