കൊച്ചിയിലെ എടിഎം തട്ടിപ്പ്; പ്രതി പിടിയില്‍

Advertisement

കൊച്ചി: എറണാകുളത്ത് എടിഎമ്മില്‍ കൃത്രിമം നടത്തി കാല്‍ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. യുപി സ്വദേശി മുബാറക് ആണ് പൊലീസിന്റെ പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി എടിഎമ്മില്‍ കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും പോലീസ് പിടികൂടി. ജില്ലയില്‍ 11 എടിഎമ്മുകളില്‍ സമാന തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എടിഎം തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉണ്ടോയെന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. എടിഎമ്മിലെ പണം വരുന്ന ഭാഗത്ത് കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. കളമശ്ശേരി എടിഎമ്മില്‍ നിന്നും ഒരു ദിവസം കാല്‍ലക്ഷം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്.
കൊച്ചിയിലെ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ എടിഎമ്മുകളിലാണ് വ്യാപക തട്ടിപ്പു നടന്നത്. 18-ാം തീയതിയാണ് കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലെ എടിഎമ്മില്‍ നിന്നും പണം തട്ടിയെടുത്തത്. ഇതില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ സ്ഥലങ്ങളില്‍ തട്ടിപ്പു നടന്നതായി വ്യക്തമായത്.
എടിഎമ്മിലെ പണം വരുന്ന ഭാഗം എന്തോ വെച്ച് തടസ്സപ്പെടുന്നു. ഇടപാടുകള്‍ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ തുക പുറത്തേക്ക് വരില്ല. ഇതേത്തുടര്‍ന്ന് ഇടപാടുകാര്‍ എടിഎമ്മില്‍ നിന്നും പുറത്തേക്ക് പോകുമ്പോള്‍, മോഷ്ടാവ് ഉള്ളില്‍ കയറി പണം കൈക്കലാക്കുകയാണ് ചെയ്തിരുന്നത്. കളമശ്ശേരി എടിഎമ്മില്‍ നിന്നും ഏഴു തവണയായിട്ടാണ് കാല്‍ലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

Advertisement