തിരുവനന്തപുരം: നായകളില്‍ നിന്നും കടിയേറ്റ് ഈ വര്‍ഷം ഉണ്ടായിട്ടുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പേവിഷബാധ സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായാണ് വിദഗ്ധ സമിതിയെക്കൊണ്ട് അടിയന്തരമായി അന്വേഷിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങളില്‍ ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. വിദഗ്ധ സമിതി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാനത്താകെ എട്ട് മാസത്തിനിടെ 19 പേരാണ് നായയുടെ കടിയേറ്റ് മരിച്ചത്.