‘അർജുൻ ആയങ്കി ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചത് കാക്കനാട് കേന്ദ്രമാക്കി’; കരിപ്പൂർ സ്വർണക്കവർച്ചാ കേസിലെ മുഖ്യസൂത്രധാരൻ

Advertisement

മലപ്പുറം: കരിപ്പൂർ സ്വർണ്ണക്കവർച്ച കേസിലെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കിയാണെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ്. രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വർണക്കവർച്ചാ കേസിലും അർജുൻ ആയങ്കിയെ പ്രതിയാക്കും.

സ്വർണവുമായെത്തിയ കാരിയറുമായും തട്ടിക്കൊണ്ടു പോവാനെത്തിയ സംഘവുമായും അർജുൻ ആയങ്കി തുടർച്ചയായി ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചു. കാരിയറുടെ സഹായത്തോടെ സ്വർണക്കവർച്ചയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നും മലപ്പുറം എസ്പി എസ് സുജിത് ദാസ് വ്യക്തമാക്കി.

സ്വർണക്കടത്തിന് ഒത്താശ ചെയ്‌തെന്ന കേസിൽ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂരിൽ ഒരുമാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് പൊലീസ് നടപടി. കണ്ണൂർ പയ്യന്നൂരിലെ പെരിങ്ങയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് കൊണ്ടോട്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയാണ് അർജുൻ ആയങ്കി. അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് പേർ കൂടി അറസ്റ്റിലായി. കണ്ണൂർ അഴീക്കോട് സ്വദേശി പ്രണവ്, കണിച്ചേരി സ്വദേശി സനൂജ് എന്നിവരെയാണ് പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വെമ്പായം സ്വദേശി നൗഫലും അറസ്റ്റിലായിട്ടുണ്ട്. വയനാട്ടിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് നൗഫൽ പിടിയിലായത്. നൗഫലുമായി ചേർന്ന് കാക്കനാട് വീട് വാടകക്കെടുത്ത് അർജുൻ ആയങ്കി കൊട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി. യുവജന ക്ഷേമ കമ്മീഷൻ വെമ്പായം പഞ്ചായത്ത് കോഡിനേറ്റർ ആണ് നൗഫൽ എന്നും പൊലീസ് പറഞ്ഞു. കേസിൽ സിപിഐഎം നഗരസഭ മുൻ കൗൺസിലർ ഉൾപ്പെടെ നാല് പേർ നേരത്തെ അറസ്റ്റിലായിരുന്നു. അന്വേഷണവുമായി അന്യസംസ്ഥാനത്തടക്കം പോലീസ് എത്തിയതിനിടയിലാണ് അർജുൻ ആയങ്കി പയ്യന്നൂരിൽ ഒളിവിൽ ഉള്ളതായി രഹസ്യ വിവരം ലഭിച്ചത്. ഉമ്മർകോയ എന്ന ആളുമായി ചേർന്ന് നടത്തിയ സ്വർണം പൊട്ടിക്കൽ കേസിലാണ് അറസ്റ്റ്. ദുബായിൽ നിന്നെത്തുന്ന 975 ഗ്രാം സ്വർണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ പദ്ധതി.

അർജ്ജുന് കണ്ണൂർ ജില്ലയിൽ വിലക്കേർപ്പെടുത്തികൊണ്ട് പൊലീസ് ചുമത്തിയ കാപ്പ കഴിഞ്ഞയാഴ്ച്ചയാണ് നീക്കിയത്. അതിനിടെയാണ് അറസ്റ്റ്. രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ സ്വർണം കവർന്ന ക്രിമിനൽ സംഘത്തിലെ പ്രധാന കണ്ണി അർജ്ജുൻ ആയങ്കിയാണെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. സ്വർണം പൊട്ടിക്കൽ എന്ന കോഡ് വാക്കിൽ വിശേഷിപ്പിക്കുന്ന ഈ കവർച്ചയ്ക്ക് പിന്നിൽ വൻ ആസൂത്രണം നടന്നിരുന്നുവെന്നും കസ്റ്റംസ് റിപ്പോർട്ടിലുണ്ട്.

സാജുപോൾ വേങ്ങൂർ കൈപ്പിള്ളി ബ്രാഞ്ചിലും സ്ഥിരം കുറ്റവാളിയാണെന്ന കണ്ടെത്തലിലാണ് കാപ്പ ചുമത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്. ഓപ്പറേഷൻ കാവലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയിരുന്നു. അർജ്ജുൻ ആയങ്കി ഉൾപ്പെടുന്ന സ്വർണക്കടത്ത് കേസിലെ പ്രതികൾ ക്രിമിനലുകളാണെന്ന് ഡിവൈഎഫ്ഐ നേതാവ് എസ് സതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം മനു തോമസിനെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് അർജ്ജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂർ എസ്പിക്ക് പരാതി നൽകിയതോടെയായിരുന്നു ഇരുവരും തമ്മിൽ വീണ്ടും വാക്പോര് ഉടലെടുത്തത്. സ്വർണക്കടത്ത് സംഘങ്ങളിൽപ്പെട്ട ഇവർ ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്തുകയാണെന്നായിരുന്നു പരാതി. ഇതിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അർജ്ജുൻ ആയങ്കി മറുപടി നൽകുകയായിരുന്നു.

Advertisement