കോട്ടയത്തെ ആകാശപ്പാത പൊളിച്ചുകളയണമെന്ന ഹർജി: തിരുവഞ്ചൂർ കക്ഷി ചേർന്നു

Advertisement

കൊച്ചി: കോട്ടയം നഗരഹൃദയത്തിൽ ആകാശപ്പാതയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അല്ലെങ്കിൽ അപകടഭീഷണിയുയർത്തി നിൽക്കുന്ന തൂണുകൾ പൊളിച്ചുകളയണമെന്നും ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ എ.കെ.ശ്രീകുമാർ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ ഉപഹർജി ഹൈക്കോടതി അനുവദിച്ചു. വിശദീകരണത്തിനു സർക്കാർ സമയം തേടിയതിനെത്തുടർന്നു ഹർജി ഓണാവധിക്കു ശേഷം പരിഗണിക്കാൻ ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ മാറ്റി.

ആകാശപ്പാതയുടെ ഏഴ് തൂണുകൾ തുരുമ്പിച്ചു പൊളിഞ്ഞുവീഴാറായെന്നും ഇത് ഏതു സമയവും നിലംപൊത്താമെന്നുമുള്ള ഹർജിക്കാരന്റെ ആരോപണങ്ങൾ പൂർണമായും ശരിയല്ലെന്നു തിരുവഞ്ചൂർ ഹർജിയിൽ വ്യക്തമാക്കി. സമയബന്ധിതമായി ആകാശപ്പാതയുടെ നിർമാണം പൂർത്തിയാക്കണം. ദിവസവും മുപ്പതിനായിരത്തിലേറെ കാൽനടക്കാർക്കു സുരക്ഷിതമായി റോഡുകൾക്കു കുറുകെ കടക്കാൻ ഇതല്ലാതെ മറ്റൊരു വഴിയില്ല.

നാറ്റ്പാക് സർവേ പ്രകാരം മേഖലയിലൂടെ ഒരു ലക്ഷത്തോളം വാഹനങ്ങളാണു കടന്നുപോകുന്നത്. അഞ്ച് റോഡുകൾ ചേരുന്ന തിരക്കേറിയ ജംക്‌ഷനിൽ, വനിതകളും മുതിർന്ന പൗരൻമാരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർക്കു റോഡിനു കുറുകെ കടക്കാനുള്ള സുഗമമായ സൗകര്യമാണ് ഇതൊരുക്കുന്നത്.

ആകാശപ്പാത വിഷയത്തിൽ യഥാർഥ സ്ഥിതി കോടതിയിൽ എത്തിക്കുന്നതിനാണു കക്ഷി ചേർന്നത്. ആകാശപ്പാത വേഗം പൂർത്തിയാക്കണം. കാലതാമസം മാറ്റണമെന്നതാണ് ആവശ്യം. അതിനു കക്ഷി ചേരുന്നതാണ് അഭികാമ്യമെന്നു തോന്നിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

അഞ്ച്കോടി രൂപ ചെലവിട്ട് സ്കൈവോക് പദ്ധതി നടപ്പാക്കാൻ 2016ലാണു സർക്കാർ അനുമതി നൽകിയത്. പിന്നീട് 5.18 കോടി രൂപയാക്കി എസ്റ്റിമേറ്റ് പുതുക്കി. പടികളുടെയും ലിഫ്റ്റിന്റെയും നിർമാണത്തിനു നഗരസഭാ ഓഫിസ് അങ്കണത്തിൽ നിന്ന് ആവശ്യമായ സ്ഥലം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു.