മെഡിസെപ്’ പ്രതിസന്ധിയിലാകാൻ കാരണം സർക്കാരിൻ്റെ കെടുകാര്യസ്ഥത – ഫെറ്റോ

Advertisement

തൃശൂർ : അഞ്ചരലക്ഷത്തോളം ജീവനക്കാരും അദ്ധ്യാപകരും അത്രത്തോളം വരുന്ന പെൻഷൻകാരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘മെഡിസെപ്’ പ്രതിസന്ധിയിലാകാൻ കാരണം സർക്കാരിൻ്റെ കെട്ടുകാര്യസ്ഥതയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി.എസ് ഗോപകുമാർ പറഞ്ഞു.
സർക്കാരിൻ്റെ പങ്കാളിത്തവും മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കി മെഡിസെപ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് (ഫെറ്റോ) തൃശൂർ ജില്ലാ സമിതി കളക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറ് വർഷത്തെ തയാറെടുപ്പിനൊടുവിലാണ് സർക്കാർ മെഡിസെപ് നടപ്പാക്കിയത്.
സർക്കാർ വിഹിതമില്ലാതെ നടപ്പാക്കിയ പദ്ധതിയിൽ വളരെ പരിമിതമായ ചികിത്സാ ആനുകൂല്യമാണുള്ളത്.
മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല; പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികൾ തന്നെ ഇടപാടുകളിലെ കാലതാമസം മൂലം പിൻമാറുകയാണ്.
പണമടച്ച ഗുണഭോക്താക്കൾ ആശുപത്രികളിൽ ചികിത്സ തേടുമ്പോൾ വിചിത്രമായ അനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത്.
ജീവനക്കാരുടെയും പെൻഷൻകാരുടെയും പണം പിരിച്ച് ഓറിയൻ്റൽ ഇൻഷ്വറൻസ് കമ്പനിക്ക് നൽകി കമ്മീഷൻ പറ്റുന്ന ദല്ലാൾ മാത്രമായി സർക്കാർ മാറിയെന്നും പി.എസ് ഗോപകുമാർ കുറ്റപ്പെടുത്തി.

  ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ ഗിരീഷ് കുമാർ അധ്യക്ഷനായിരുന്നു.

ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.എൻ വിജയൻ, എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി.വിശ്വകുമാർ, പെൻഷനേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി മോഹനൻ, എൻ.ജി.ഒ സംഘ് മുൻ സംസ്ഥാന പ്രസിഡണ്ട് കെ.വി അച്യുതൻ, മുൻ സംസ്ഥാന സെക്രട്ടറി എൻ.എ അനിൽകുമാർ, അനൂപ് ശങ്കരപ്പിള്ള (അഗ്രി. യു. സിറ്റി എംപ്ലോ. സംഘ്), ജിനു ജോസഫ് (ഹെൽത്ത് യു. സിറ്റി എംപ്ലോ. സംഘ്), വി.കെ വിജീഷ്കുമാർ (ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ്), ബൈജു (എൻ.ടി.യു), അജിത കമൽ (കെ.ജി.ഒ സംഘ്), എം.രാജഗോപാൽ, ടി.എ സുഗുണൻ (എൻ.ജി.ഒ സംഘ്), ദേവദാസ് വർമ്മ (പെൻഷനേഴ്സ് സംഘ്) മുതലായവർ സംസാരിച്ചു.

  പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ഇടത് സർക്കാർ വാക്ക് പാലിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പരിധിയില്ലാതെ മുഴുവൻ ജീവനക്കാർക്കും പന്ത്രണ്ടര ശതമാനം ബോണസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണ്ണയിൽ ഉന്നയിച്ചു.

അമർ ജവാൻ കോർണറിൽ നിന്നാരംഭിച്ച പ്രകടനത്തിന് എൻ.ജി.ഒ സംഘ് ജില്ലാ സമിതിയംഗം പ്രശാന്ത് കളരിക്കൽ (എൻ.ജി.ഒ സംഘ്) ,ബിനി, ശ്രീദേവി (എൻ.ടി.യു), എം.കെ നരേന്ദ്രൻ (കെ.ജി.ഒ സംഘ്) തുടങ്ങിയവർ നേതൃത്വം നൽകി.

   ഫെറ്റോ ജില്ലാ സെക്രട്ടറി ജയൻ പൂമംഗലം സ്വാഗതവും, ജില്ലാ ട്രഷറർ കെ.കെ സതീശൻ നന്ദിയും പറഞ്ഞു.

Advertisement