പാലക്കാട്: വാളയാർ അതിർത്തിയിൽ അതിഥി തൊഴിലാളികളുമായി സഞ്ചരിച്ച ബസിൽനിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശി ദാമന്ത് നായിക്കിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്‌റ്റ് ചെയ്തു. ഒരാഴ്ചയ്ക്കിടയിൽ സമാന രീതിയിൽ കഞ്ചാവ് കടത്തിയതിന് വാളയാറിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ അതിഥി തൊഴിലാളിയാണ് ഇയാൾ.
സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തിയാണ് അതിഥി തൊഴിലാളികളുടെ ബസ് യാത്ര. വഴിയിൽ തടഞ്ഞാൽ കൂട്ടത്തിൽ അസുഖ ബാധിതരുണ്ടെന്നും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തണമെന്നും ആദ്യം പറയും. ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയാൽ സംശയമുള്ള ബാഗുകളുടെ ഉടമസ്ഥർ കള്ളം പറയും.
ബാഗിനുള്ളിൽ എന്താണെന്ന് അറിയില്ലെന്നും ലഹരി പിടികൂടിയാൽ ഉത്തരവാദിത്തം ഏറ്റെടുക്കാതെയും പിന്മാറും. ഒഡീഷയിൽ നിന്ന് പെരുമ്പാവൂരിലേക്ക് വന്ന ബസിലും സമാന അഭിനയം അതിഥി തൊഴിലാളികൾ കാഴ്ചവച്ചു. ഒടുവിൽ ഏഴു കിലോയോളം കഞ്ചാവ് ബാഗിൽ ഒളിച്ച് കടത്തിയ യുവാവ് അറസ്റ്റിലാകുകയായിരുന്നു.
അതിഥി തൊഴിലാളികൾക്കിടയിൽ വിൽപനയ്ക്ക് കൊണ്ടുവന്ന കഞ്ചാവെന്നാണ് നിഗമനം. സമാന രീതിയിൽ കടത്തിയ 20 കിലോ കഞ്ചാവും നിരോധിത പാൻ മസാല ശേഖരവുമായി ഒരാഴ്ച മുൻപാണ് നാല് അതിഥി തൊഴിലാളികളെ വാളയാറിൽ എക്സൈസ് അറസ്റ്റ് ചെയ്തത്.