ആദ്യസമ്പൂർണ്ണ ഭരണഘടന സാക്ഷരതാ പഞ്ചായത്തായി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ,ചവറ തെക്കുംഭാഗം അവകാശവാദവുമായി രംഗത്ത്

Advertisement

തിരുവനന്തപുരം.ദി സിറ്റി സംണ്‍ ക്യാംപെയ്ന്‍ മുഖേന രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ പഞ്ചായത്തായി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയെ പ്രഖ്യാപിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത പ്രഖ്യാപനം നടത്തിയത്. എന്നാൽ രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ പഞ്ചായത്ത് തങ്ങളാണെന്ന അവകാശവാദവുമായി ചവറ തെക്കുംഭാഗം പഞ്ചായത്തും രംഗത്തെത്തി.

ഭരണഘടന മൂല്യങ്ങളെ കുറിച്ച് സാധാരണക്കാർക്ക് അവബോധം നൽകുന്നതിനായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച ക്യാമ്പയിനാണ് ദി സിറ്റിസൺ. ഇതിൻ്റെ ഭാഗമായാണ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയത്. സാക്ഷരതാ പ്രഖ്യാപനം നടത്തിയത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. ജനാധിപത്യത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ഭരണഘടനയെന്നും അതിനെ ബഹുമാനിക്കണം എന്നും ചടങ്ങിൽ ഗവർണർ പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി, ജില്ലാ പഞ്ചായത്ത്, കിലാ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കൊല്ലം ജില്ലയെ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതയുള്ള ജില്ലയായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളാണ് ജില്ലാ പഞ്ചായത്തിൻ്റെ കീഴിൽ നടക്കുന്നത്. എന്നാൽ തങ്ങളാണ് രാജ്യത്തെ ആദ്യ ഭരണ ഘടന സാക്ഷരത നേടിയ പഞ്ചായത്ത് എന്ന അവകാശവാദവുമായി ചവറ തെക്കുംഭാഗം പഞ്ചായത്ത് രംഗത്തെത്തിയിരിക്കയാണ്. ഇതിന് ഉപോദ്ബലകമായി വിവിധ രേഖകള്‍ പരിശോധിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്.

Advertisement