കോടിയേരിയെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചു; യാത്ര എയർ ആംബുലൻസിൽ

Advertisement

തിരുവനന്തപുരം: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിൽസയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തിച്ചു. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഡോക്ടറും ഒപ്പമുണ്ട്. രാവിലെ എകെജി സെന്ററിനു തൊട്ടടുത്തുള്ള താമസസ്ഥലത്തുനിന്ന് ആംബുലൻസിലാണ് വിമാനത്താവളത്തിലേക്കു പോയത്. തുടർന്ന് പ്രത്യേക എയർ ആംബുലൻസ് വിമാനത്തിലാണ് ചെന്നൈയിലേക്കു കൊണ്ടുപോയത്.

കോടിയേരിയെ കാണാൻ മുഖ്യമന്ത്രിയും ഭാര്യയും മകളുമെത്തിയിരുന്നു. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ, എം.എ.ബേബി, എ.കെ.ബാലൻ, എം.വിജയകുമാർ തുടങ്ങിയവരും കോടിയേരിയെ സന്ദർശിച്ചു. മന്ത്രിയായ കെ.എൻ.ബാലഗോപാലും കോടിയേരിയെ കാണാനെത്തി. അപ്പോളോയിൽനിന്നുള്ള മെഡിക്കൽ സംഘം ഇന്നലെ തലസ്ഥാനത്തെത്തിയിരുന്നു.

അനാരോഗ്യംമൂലം കോടിയേരി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് എം.വി.ഗോവിന്ദൻ മാസ്റ്ററെ ഇന്നലെ ചേർന്ന സംസ്ഥാന സമിതി യോഗം സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ തനിക്കു പകരം സെക്രട്ടറിയെ നിശ്ചയിക്കാനായിരുന്നു കോടിയേരിയുടെ അഭ്യർഥന.

Advertisement