തിരുവനന്തപുരം: ഐടി പാർക്കുകളിലെ ജീവനക്കാർക്ക് വിനോദവേളകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ നികുതി വകുപ്പ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു. ഐടി വകുപ്പിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ചശേഷമാണ് നടപടി. നിലവിലെ നിർദേശങ്ങളിൽ മാറ്റം വരുത്തണോ നിയമസഭയിൽ ചർച്ച ചെയ്യണോ എന്നതടക്കമുള്ള കാര്യങ്ങളിൽ സബ്ജക്ട് കമ്മിറ്റി തീരുമാനമെടുക്കും.
എക്സൈസിന്റെയും നികുതി വകുപ്പിന്റെയും നിർദേശങ്ങളിൽ ഐടി വകുപ്പ് കാര്യമായ മാറ്റങ്ങൾ നിർദേശിച്ചിട്ടില്ല. മദ്യം വിതരണം ചെയ്യുന്നതിനു ഡെവലപേഴ്സിനും കോ-ഡെവലപേഴ്സിനും മാത്രം അനുമതി നൽകിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം. ബാർ നടത്തിപ്പുകാർക്ക് ഐടി പാർക്കുകളിൽ മദ്യം നൽകുന്നതിന് അനുമതിയുണ്ടാകില്ല.
ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എൽ 4 സി എന്ന പേരിൽ പുതിയ ലൈസൻസ് നൽകാനാണ് തീരുമാനം. സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള പാർക്കുകളിൽ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദകേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കാം.
ടെക്നോപാർക്കിന്റെ കാര്യമെടുത്താൽ ഡെവലപ്പർ ടെക്നോപാർക്കും കോ-ഡെവലപ്പർമാർ കമ്പനികളുമാണ്. 10 ലക്ഷം രൂപ ഫീസ് ഈടാക്കാനായിരുന്നു എക്സൈസ് ശുപാർശ. എന്നാൽ ക്ലബ്ബ് ഫീസായ 20 ലക്ഷം ഈടാക്കാനാണ് ആലോചന. ബാറുകളുടെ പ്രവർത്തന സമയമായ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെ ഐടി പാർക്കുകളിലെ മദ്യശാലകൾക്കും പ്രവർത്തിക്കാം. ക്ലബ്ബിന്റെയോ ബാറിന്റെയോ രൂപമല്ലാത്ത തരത്തിൽ പുതിയ രൂപത്തിലാകും ഐടിപാർക്കുകളിലെ മദ്യശാലയുടെ പ്രവർത്തനം.
മറ്റു ലൈസൻസികളെപോലെ ഐടി പാർക്കുകളിലെ ലൈസൻസികൾക്കും ബവ്റിജസ് കോർപറേഷന്റെ ഗോഡൗണുകളിൽനിന്ന് മദ്യം വാങ്ങി മദ്യശാലയിൽ വിതരണം ചെയ്യാം. ജോലി സമയത്ത് ജീവനക്കാർ മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ട കമ്പനിയാണ് തീരുമാനം എടുക്കേണ്ടത്. പുറത്തുനിന്ന് വരുന്നവർക്ക് മദ്യം വിതരണം ചെയ്യില്ല. ഐടി കമ്പനികളുടെ അതിഥികളായെത്തുന്നവർക്ക് മദ്യം നൽകാം. കമ്പനികൾക്കു ലൈസൻസ് ലഭിക്കാൻ നിശ്ചിത വാർഷിക വിറ്റുവരവ് വേണമെന്ന നിബന്ധന ഏർപ്പെടുത്തില്ലെന്നാണ് ലഭിക്കുന്ന വിവരം.