തൃശൂർ: തമിഴ്‌നാട്ടിൽ നിന്ന് എത്തിയ അഹിന്ദുക്കൾ പ്രവേശിച്ചെന്ന പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ മഹാ പുണ്യാഹം നടത്തിയത് വിവാദത്തിൽ. കുട്ടിക്ക് ചോറൂണ് നൽകാൻ തമിഴ്‌നാട്ടിൽ നിന്നെത്തിയ സംഘത്തിൽ അഞ്ച് ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതും ഇവർ ക്ഷേത്രത്തിൽ പ്രവേശിച്ചതുമാണ് മഹാ പുണ്യാഹത്തിന് ഇടയാക്കിയത്.
ക്രിസ്ത്യാനികളായ ഭക്തർ പരസ്പരം പേര് വിളിക്കുന്നത് ക്ഷേത്രം ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടു. ഉച്ച പൂജ കഴിഞ്ഞ സമയത്താണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്ത സംഘം ദർശനം നടത്തി പുറത്തിറങ്ങിയത്. ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവർ ക്ഷേത്രത്തിൽ പ്രവേശിച്ച വിവരം ക്ഷേത്ര ജീവനക്കാർ ഉദ്യോഗസ്ഥരെ അറിയിച്ചു. മഹാ പുണ്യാഹം നടത്തണമെന്ന് തന്ത്രി നിർദ്ദേശിച്ചു. ഇതിനേത്തുടർന്ന് അഞ്ച് ഓതിക്കന്മാർ ചേർന്ന് മഹാ പുണ്യാഹം നടത്തി. തന്ത്രിയുടെ കാർമ്മികത്വത്തിൽ തന്നെ ബിംബശുദ്ധിയും നടത്തി. മഹാപുണ്യാഹം കാരണം വൈകിട്ട് അത്താഴ പൂജക്ക് ശേഷമാണ് ഭക്തരെ നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്.
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മത വ്യത്യാസമില്ലാതെ വിശ്വാസികളായ എല്ലാ മതസ്ഥർക്കും പ്രവേശനം നൽകുന്ന രീതിയുണ്ട്. ഈ സ്വാതന്ത്ര്യം കേരളത്തിലുമുണ്ടാകുമെന്ന് കരുതിയാകാം ക്രിസ്ത്യൻ സമുദായക്കാർ ഗുരുവായൂർ ക്ഷേത്രത്തിൽ കയറിയതെന്ന് വിവരമുണ്ട്.
ഇതര മതക്കാർ കയറിയതിന്റെ പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ മഹാ പുണ്യാഹം നടത്തിയതിനെതിരെ സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയംഗം സുമേഷ് സി രംഗത്തെത്തി. മനുഷ്യനെ മതത്താലും ജാതിയാലും അയിത്തം കൽപ്പിക്കുന്ന ദൈവമുണ്ടോയെന്ന് സുമേഷ് ഫേസ്ബുക്കിൽ കുറിച്ചു. നാം യഥാർത്ഥ വഴിയിലൂടെ അന്വേഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ദൈവവും അവർ മുന്നോട്ടുവെക്കുന്ന ദർശനങ്ങളും മനുഷ്യനെ വിഭാഗീയമായി കാണുന്നില്ല. എന്നാൽ ആ നന്മനിറഞ്ഞ ദൈവത്തേയും ദർശനത്തെയും നിക്ഷിപ്ത താത്പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന മേധാവിത്തവർഗ്ഗവും അവരുടെ അധികാരത്തിന് ആശയാടിത്തറയുണ്ടാക്കാൻ പ്രവർത്തിക്കുന്ന പൗരോഹിത്യവുമാണിവിടെ ഈ അയിത്തത്തിന്റെ വിധികർത്താക്കളെന്ന് ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഗുരുവായൂരിൽ ദർശനം നടത്തിയ തമിഴ് ക്രിസ്ത്യൻ ഭക്തർ പരസ്പരം പേര് വിളിച്ച് സംസാരിച്ചില്ലെങ്കിൽ ഇത് ആര് അറിയുന്നു? എത്രയോ ഭക്തിയുള്ള ഇതരമതസ്ഥർ ആരും അറിയാതെ ദൈവത്തെ തൊഴുതു മടങ്ങിയിട്ടുണ്ടാകാം. അങ്ങനെ അകത്തു കയറിയപ്പോൾ, അയിത്തമായതിനാൽ, ഗുരുവായൂരപ്പൻ ശ്രീകോവിലിൽ നിന്ന് എഴുന്നേറ്റുപോയോ? അങ്ങനെ പോയിരുന്നെങ്കിൽ ക്ഷേത്രം കത്തിയ അരനൂറ്റാണ്ട് മുമ്പ് കൃത്യമായി പറഞ്ഞാൽ 1970 നവംമ്പർ 29ന് അർദ്ധരാത്രിയിൽ തന്നെ ഗുരുവായൂരപ്പൻ അവിടെ നിന്ന് എഴുന്നേറ്റുപോയിട്ടുണ്ടാവണം. കാരണം അന്ന് തീയണക്കാൻ ഓടികൂടിയവരിൽ എത്രയോ അന്യമതസ്ഥർ ഉണ്ടായിരുന്നു,
തമിഴ് കുടുംബം ദർശനത്തിന് പ്രവേശിച്ചത് ഇതര മതസ്ഥർക്ക് ക്ഷേത്ര പ്രവേശനമില്ലെന്ന കാര്യം അറിയാതെ ആയിരിക്കാമെന്നും സിപിഐഎം നേതാവ് പറഞ്ഞു. കാരണം തമിഴ്‌നാട്ടിൽ ക്ഷേത്രങ്ങളിൽ ഇതനുവദനീയമാണത്രേ? അല്ല പുരോഹിതരെ. തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ഹിന്ദുക്കളും ദൈവങ്ങളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടോ? ദൈവങ്ങൾക്ക് അയിത്തമുണ്ടോയെന്നും സുമേഷ് സി ചോദിച്ചു. ‘ജാതീയമായ അയിത്തത്തിനെതിരെ നടന്ന 1931 ലെ ഐതിഹാസികമായ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിനും അതിന്റെ തുടർച്ചയായി ക്ഷേത്രം അവർണ്ണ ജാതിക്കാർക്കായി തുറന്നു കൊടുത്ത 1946 ജൂൺ 2നും മുമ്പൊക്കെ ഹിന്ദുക്കളിൽ മഹാഭൂരിപക്ഷം വരുന്ന അവർണ്ണജാതിക്കാർ ക്ഷേത്രത്തിൽ കയറിയാലും ഈ മഹാപുണ്യാഹം നടത്തിയിരുന്നില്ലേ? ഇപ്പോൾ ഈ അവർണ്ണർ ക്ഷേത്രദർശനം നടത്താനാരംഭിച്ചതു മുതൽ ദൈവം ക്ഷേത്രം വിട്ടു പോയോ? ഭഗവത്ഗീതയിൽ ആരാണ് യഥാർത്ഥ ഭക്തർ എന്ന് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ തന്നെ അർജ്ജുനനോട് പറയുന്നില്ലേ? ഭക്തന്റെ ലക്ഷണങ്ങൾ ഭഗവദ്ഗീതയുടെ പന്ത്രണ്ടാമധ്യായത്തിൽ 13 മുതൽ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതിതാണ്: ‘അദ്വേഷ്ടാ സർവ്വഭൂതാനാം മൈത്ര: കരുണ എവ ച നിർമമോ നിരഹങ്കാര: സമദുഃഖ: സുഖ: ക്ഷമീ. സന്തുഷ്ട: സതതം യോഗീ, യതാത്മാ ദൃഢനിശ്ചയ: മയ്യർപ്പിത മനോ ബുദ്ധിർ യോ മദ് ഭക്ത: സ മേ പ്രിയ’ അതായത് ,ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളിൽ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും എപ്പോഴും മനസ്സ് സന്തുഷ്ടമായിരിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും ഉറപ്പുള്ള നിശ്ചയമുള്ളവനും ആയിരിക്കും ഭക്തൻ എന്നാണ്.
ഈ പുണ്യാഹം കൽപ്പിച്ച എത്ര പുരോഹിതർ ഈ ഗണത്തിൽപ്പെടും? ഒരു പക്ഷെ ഈ ഗുണങ്ങൾ ചേരുന്നത് ആ അയിത്തം കൽപ്പിച്ച ക്രിസ്തീയ കുടുംബത്തിനാണെങ്കിൽ സാക്ഷാൽ ഭഗവാൻ ഇതിൽ ആരുടെ ഭാഗത്തായിരിക്കും. ഈ പുരോഹിതൻമാരും കപട ഭക്ത മണ്ടശിരോമണികളും പൊക്കി പിടിച്ചു നടക്കുന്ന ഭഗവത്ഗീതയിൽ തന്നെ ഭഗവാൻ അർജ്ജുനനോട് പറയുന്നു. യഥാർത്ഥ ക്ഷേത്രം ഹൃദയമാണെന്ന് അവിടെയാണ് ഈശ്വരനെന്നും, എല്ലാവരുടേയും ഹൃദയത്തിൽ ഈശ്വരനുണ്ടെന്നും പറയുന്നു. ‘ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭീതിയതേ ‘, ‘ഈശ്വരഃ സർവ്വഭൂതാനാം ഹൃദ്ദേശേർജ്ജുന തിഷ്ഠതി ‘ഭഗവത് ഗീതയിൽ എവിടെയെങ്കിലും ഇത് ഹിന്ദുകൾക്ക് മാത്രം ബാധകമായതാണെന്ന് പറയുന്നുണ്ടോ? ഹിന്ദു …. ഹിന്ദുക്കൾ …. ഈ വാക്കുകൾ വേദങ്ങളിലുണ്ടോ? ആരണ്യകങ്ങളിലുണ്ടോ? ബ്രാഹ്മണങ്ങളിൽ ഉണ്ടോ? ഉപനിഷത്തുകളിലുണ്ടോ? 18 പുരാണങ്ങളിൽ ഉണ്ടോ? ഉപപുരാണങ്ങളിൽ ഉണ്ടോ? ഇതിഹാസങ്ങളിലുണ്ടോ? ഭഗവത്ഗീതയിലുണ്ടോ? ഭാഗവതത്തിൽ ഉണ്ടോ? ഇല്ല.
പേർഷ്യർക്കാർ അറേബ്യക്കാർ ‘സ’ കാരം ഇല്ലാത്ത അവരുടെ ഭാഷയിൽ സിന്ധു നദീത്തീരത്തു താമസിച്ചവരെ അഭിസംബോധന ചെയ്യാൻ സിന്ധൂസിന് പകരം ഉപയോഗിച്ച പദമാണ് ഹിന്ദുസ്, അൽ ഹിന്ദ് തുടങ്ങിയത്. അത് ലോപിച്ചതാണ് ഹിന്ദു. ബ്രിട്ടീഷ് ഭരണകാലത്താണ് ഔദ്യേഗിക രേഖകളിൽ ഹിന്ദു എന്ന പദം വന്നത്. വിസ്താരഭയത്താൽ വിശദാംശങ്ങൾ ഒഴിവാക്കുന്നു. ആരാണ് ഹിന്ദു എന്ന് പിന്നീട് നിർവചിച്ചത് വിഭാഗീയ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ വക്താകളായിരുന്നുവെന്ന കാര്യം മറക്കരുത്. ഹിന്ദു അഹിന്ദു വേർതിരിവുകൾക്ക് എന്തർത്ഥം? അഹം ബ്രഹ്മാസ്മി, തത്വമസി എന്ന ഉപനിഷത്തു പദങ്ങൾ അംഗീകരിക്കുമെങ്കിൽ മനുഷ്യർക്കിടയിൽ വേർതിരിവുണ്ടോ? എല്ലാവരും പരം ബ്രഹ്മത്തിൽ നിന്ന് വന്നവരല്ലേ? ‘ബ്രഹൈമവേദം വിശ്വം സമസ്താ ഇദം ജഗത്’ പ്രപഞ്ചത്തിൽ ഉള്ളതെല്ലാം ബ്രഹ്മമെങ്കിൽ ക്രിസ്ത്യാനി അതിൽ പെടില്ലേ? ‘ജീവോ ബ്രഹ്മൈവ നാപര:’ ജീവാത്മാവ് ബ്രഹ്മത്തിൽ നിന്ന് വിഭിന്നമല്ല എന്നർത്ഥം. അപ്പോൾ ക്രിസ്ത്യാനികൾക്ക് ജീവനില്ലേ. അവർ ബ്രഹ്മത്തിന്റെ ഭാഗമെങ്കിൽ പിന്നെന്ത് അയിത്തം? എന്ത് പുണ്യാഹം? അപ്പോൾ ദൈവമോ, മതദർശനങ്ങളോ അല്ല മനുഷ്യനെ വേർതിരിക്കുന്നത്. അതിനെയൊക്കെ സങ്കുചിതമായി കൈകാര്യം ചെയ്യുന്ന മേധാവിത്ത പൗരോഹിത്യ വിഭാഗമാണ്. യഥാർത്ഥ ദൈവത്തിന്റെ അല്ലെങ്കിൽ ദാർശനികരുടെ മതമല്ല പ്രശ്‌നം അതായത് ദാർശനിക മതമല്ല അയിത്തം കൽപ്പിക്കുന്നത് പൗരോഹിത്യ മതമാണ്. രാഷ്ട്രീയമതമാണ്. ശബരിമല സ്ത്രീ പ്രവേശനപ്രശ്‌നം പോലെ ഇവിടെയും. ഈ അയിത്തവും സങ്കുചിത താൽപര്യങ്ങളും ഉപേക്ഷിക്കുന്ന തലത്തിലാണ് യഥാർത്ഥ മതദർശനങ്ങൾ മാനവികദർശനങ്ങളായി ഉണരുന്നത്. ഇത് എല്ലാ മതങ്ങൾക്കും ബാധകമാണ്,’ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.