പാലക്കാട്: ഇരിങ്ങാലക്കുട സ്വദേശി വ്യവസായിയെ യുവതിയുടെ സൗന്ദര്യത്തില്‍ വീഴ്ത്തി തടങ്കലില്‍വച്ച് വന്‍ തട്ടിപ്പിനായിരുന്നു പദ്ധതിയെന്ന് വ്യക്തമായി. ഹണി ട്രാപ്പില്‍പ്പെടുത്തി തട്ടിക്കൊണ്ടുപോയി കാറും പണവും ആഭരണവും എടിഎം കാര്‍ഡ് ഉള്‍പ്പെടെയുള്ളവ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ദമ്പതികള്‍ പ്രവര്‍ത്തിച്ചത് ഇടനിലക്കാരായി.
ഹണിട്രാപ്പില്‍പ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന സൂചന നല്‍കി പൊലീസ്.
കൊല്ലം സ്വദേശി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദീപ്, സുഹൃത്തുക്കളായ പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്‌ദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് വിഡിയോകള്‍ ചെയ്ത് സജീവമായ ദേവുവിനും ഗോകുല്‍ ദീപിനും നിരവധി ഫോളോവേഴ്‌സുണ്ട്.
സംഘത്തെ നിയന്ത്രിച്ചിരുന്നത് കോട്ടയം സ്വദേശി ശരത് ആണ്.
കൂട്ടുപ്രതിയായ, കൊല്ലം സ്വദേശിനി ദേവുവിന്റെ ‘വൈറല്‍ മുഖം’ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ദേവുവിനും ഭര്‍ത്താവ് ഗോകുലിനും ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിന് അടുത്ത് ഫോളോവേഴ്‌സ് ഉണ്ട്
എന്നാല്‍ ആര്‍ഭാട ജീവിതത്തെത്തുടര്‍ന്നു കടം കയറിയ ഇവര്‍ ഒടുവില്‍ പണത്തിനായി ഹണിട്രാപ്പിലേക്കു തിരിയുകയായിരുന്നു. ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ 40,000 രൂപ കമ്മിഷന്‍ കിട്ടുമെന്നാണ് ദമ്പതികള്‍ പൊലീസിനു നല്‍കിയ മൊഴി.
ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വീഴ്ത്താന്‍ രണ്ടാഴ്ച മാത്രമാണ് എടുത്തതെന്ന് പൊലീസ് പറയുന്നു. ശരത്താണ് സാമൂഹികമാധ്യമംവഴി രണ്ടാഴ്ചമുമ്പ് പരാതിക്കാരനെ പരിചയപ്പെട്ടത്. സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ തയ്യാറാക്കി ശരത് പരാതിക്കാരനുമായി അടുപ്പമുണ്ടാക്കി. പാലക്കാടാണ് വീട് എന്നാണ് പറഞ്ഞിരുന്നത്.
ഇതിനായി മാത്രം, 11 മാസത്തെ കരാറില്‍ ഒരു വീട് സംഘം പാലക്കാട് യാക്കരയില്‍ വാടകയ്ക്ക് എടുത്തു. പിന്നീട് ഫോണ്‍ചെയ്തുതുടങ്ങിയപ്പോഴാണ് ദേവുവിന്റെയും ഭര്‍ത്താവ് ഗോകുല്‍ദീപിന്റെയും സഹായംതേടിയത്. തുടര്‍ന്ന് വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
വ്യവസായിക്ക് ദേവു മെസ്സേജ് അയച്ച് തുടങ്ങി.ഭര്‍ത്താവ് വിദേശത്താണെന്നുമാണ് വ്യവസായിയോട് ഇവര്‍ പറഞ്ഞിരുന്നത്. പതുക്കെ ഇയാളുടെ വിശ്വാസം ആര്‍ജ്ജിച്ച ദേവു, അദ്ദേഹത്തെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചു. കെണിയില്‍ വീണെന്ന് മനസിലായതോടെ വ്യവസായിയെ ദേവു പാലക്കാടേക്ക് ക്ഷണിച്ചു. ദേവുവിന്റെ സൗന്ദര്യത്തില്‍ വീണ ഇയാള്‍ പാലക്കാടെത്തി.അമ്മ ആശുപത്രിയിലാണെന്നും വീട്ടില്‍ താന്‍ മാത്രമേ ഉള്ളൂ എന്നും ദേവു പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു വ്യവസായി യാക്കരയില്‍ ഇവര്‍ ഒരുക്കിയ കെണിയിലേക്ക്
എത്തിയത്. വീട്ടിലെത്തിയപ്പോള്‍ ശരത്തും മറ്റുള്ളവരും സദാചാരഗുണ്ടകളെന്നമട്ടില്‍ വീട്ടിലെത്തുകയും ദേവുവിനെ മര്‍ദിക്കുന്നതായി അഭിനയിക്കുകയുംചെയ്തു. പരാതിക്കാരന്റെ കൈയിലുണ്ടായിരുന്ന നാലുപവന്‍ മാല, മൊബൈല്‍ ഫോണ്‍, ആയിരംരൂപ, എ.ടി.എം. കാര്‍ഡ്, കാര്‍ എന്നിവ തട്ടിയെടുത്തു.
തുടര്‍ന്ന് പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോകാനായിരുന്നു നീക്കം. എന്നാല്‍ യാത്രാമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു.പിന്നീട് പാലക്കാട് എത്തി ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ ഇടയ്ക്ക് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പിന്നാലെ പ്രതികളെ കാലടിയിലെ ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്.