കൊച്ചി മെട്രോ സ്റ്റേഷനിൽ വാരിയൻകുന്നൻറെ ചിത്രം; പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകരെ അറസ്റ്റു ചെയ്തു
തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ വടക്കേക്കോട്ട സ്റ്റേഷനിൽ സ്വാതന്ത്ര്യ സമര പോരാളി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പടം സ്ഥാപിച്ചതിനെതിരേ ബി.ജെ.പി പ്രതിഷേധം.
മെട്രോയ്ക്കകത്ത് പ്രതിഷേധിച്ച യുവമോർച്ച, ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് നവീൻ ശിവൻ, മണ്ഡലം കമ്മറ്റി അംഗം എസ്.അരുൺ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്. ഉണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉദ്ഘാടനം ചെയത മെട്രോ റെയിലിന്റെ വടക്കേകോട്ട ജങ്ഷനിലെ സ്റ്റേഷനിലാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, സീതി കോയ തങ്ങൾ, ആലി മുസ്ലിയാർ എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തി മലബാർ സമരത്തെക്കുറിച്ച് ചെറിയ കുറിപ്പും നൽകിയിരിക്കുന്നത്. സമീപത്ത് മലബാർ സമരത്തെ സൂചിപ്പിക്കുന്ന ചിത്രവും വരച്ചിട്ടുണ്ട്. ഇതാണ് ബി.ജെ.പി പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
ഈ ചിത്രം മറയ്ക്കുന്നതിനായി രണ്ടു പേർ സ്റ്റേഷനിലേക്ക് ഓടിക്കയറുകയും ചിത്രങ്ങൾക്കു മുകളിൽ മറ്റൊരു പടം പതിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് സ്റ്റേഷനകത്തുണ്ടായിരുന്ന പൊലീസുകാർ തടഞ്ഞു. പിന്നീടാണ് പ്രവർത്തകരെ അറസ്റ്റു ചെയ്തത്.