കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ജീവനക്കാരുടെ ഓണം കണ്ണീരിലാക്കരുത്, ആത്മാഭിമാനം ചോദ്യം ചെയ്യരുത്’; വിമർശനവുമായി വി ഡി സതീശൻ

Advertisement

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കു വേണ്ടി കെഎസ്ആർടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിവിധ ഡിപ്പോകളിൽ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണ്. തൊഴിലാളി സമരങ്ങളിൽ ഊറ്റം കൊള്ളുന്നൊരു സർക്കാർ കെഎസ്ആർടിസി ജീവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അവിടെ സർക്കാർ ലാഭനഷ്ട കണക്കല്ല നോക്കേണ്ടത്. സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമാണ് കെഎസ്ആർടിസി. അതിനെ തകർക്കരുത്. ജോലി ചെയ്തതിന്റെ കൂലിയാണ് ജീവനക്കാർ ചോദിക്കുന്നത്. ശമ്പളം നൽകാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അവരുടെ ഓണം കണ്ണീരിലാക്കരുത് എന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, കെഎസ്ആ‍ർടിസിയിൽ ശമ്പള വിതരണം തുടങ്ങി. ഹൈക്കോടതി നി‍ർദേശപ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു. ശമ്പള വിതരണം ഇന്നും തിങ്കളാഴ്ചയുമായി പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസിയുടെ ഗതി നിർണയിക്കുന്ന ചർച്ചയാണ് തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേർത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചത്തെ ചർച്ച നിർണായകമാണ്. ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്ന് തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ജീവനക്കാർക്ക് കൂപ്പൺ അടിച്ചേൽപ്പിക്കില്ലെന്നും താൽപര്യം ഉള്ളവർ വാങ്ങിയാൽ മതിയെന്നും ആന്റണി രാജു അറിയിച്ചു.

കെഎസ്ആർടിസി: കൂപ്പൺ വിതരണവും വൈകും! കൂപ്പണുകൾ കൈപ്പറ്റില്ലെന്ന് തൊഴിലാളി യൂണിയനുകൾ

മന്ത്രിക്കെതിരെ പ്രതിഷേധം

കോഴിക്കോട്, ഗ്രാമവണ്ടി ഉദ്ഘാടനത്തിന് എത്തിയ മന്ത്രി ആന്റണി രാജുവിന് നേരെ പ്രതിഷേധം. ഐഎൻടിയുസി, എസ്‍ടിയു പ്രവർത്തകരാണ് പ്രതിഷേധിച്ചത്. മന്ത്രിയുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞു.