തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ പരുക്കേൽക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ആറു വർഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്.
ഇതിൽ രണ്ട് ലക്ഷത്തോളം പേർക്ക് ഏഴു മാസത്തിനിടയ്ക്കാണു കടിയേറ്റത്. 20 പേർ മരിച്ചു. ആറുവർഷത്തിനിടെ പേവിഷ പ്രതിരോധ മരുന്നിന്റെ ഉപയോഗം 109 ശതമാനം വർധിച്ചെന്നാണ് ആരോഗ്യവകുപ്പിൻറെ കണക്കുകൾ.
വന്ധ്യംകരണ, പുനരധിവാസ പദ്ധതികൾ പാളിയതാണു തെരുവുനായ്ക്കളുടെ പെരുകലിനു കാരണം. കോവിഡ് കാലത്ത് അരുമമൃഗങ്ങളെ വളർത്തുന്നതു വർധിച്ചതോടെ വീട്ടകങ്ങളിൽനിന്നു കടിയേൽക്കുന്നതും കൂടി.
ജൂലൈയിൽ മാത്രം 38,666 പേർക്കാണു നായ കടിയേറ്റത്. തിരുവന്തപുരം, പാലക്കാട് ജില്ലകളിലാണ് ആക്രമണം കൂടുതൽ. 2016 നെ അപേക്ഷിച്ച് 2022ൽ പേവിഷ പ്രതിരോധ വാക്സീൻ ഉപയോഗത്തിൽ 57 ശതമാനവും പേവിഷ പ്രതിരോധ സീറം ഉപയോഗത്തിൽ 109% ശതമാനവും വർധനയുണ്ട്.
കോട്ടയം ജില്ലയിൽ നഗരഗ്രാമ വ്യത്യാസമില്ലാതെ നിരത്തു കയ്യടക്കുകയാണ് തെരുവു നായ്ക്കൾ. നഗരത്തിലെത്തുന്ന ഇരുചക്രവാഹന യാത്രക്കാരെ നായ്ക്കൾ കടിച്ച് താഴെയിടുന്ന സ്ഥിതിയാണ്. വൈക്കത്തും തലയോലപ്പറമ്പിലും ഉൾപ്പെടെ രണ്ട് മാസത്തിനുള്ളിൽ 148 പേർക്കാണ് ജില്ലയിൽ നായയുടെ കടിയേറ്റത്.
ഒരു മാസം മുൻപാണ് വീടിന് മുൻപിൽ നിന്ന പുരുഷന് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായത്. ഒരു കാരണവുമില്ലാതെ പാഞ്ഞടുത്ത നായ വയോധികരായ നാല് പേരെ ആക്രമിച്ചു. മുറിവുകൾ പുറമേ ഉണങ്ങിയെങ്കിലും ഇവരുടെ ഭയമോ വേദനയോ വിട്ടുമാറിയിട്ടില്ല. നായ്ക്കൾക്കു വാക്സീൻ എടുത്ത് തുറന്നുവിടുന്നതിനെതിരെ നഗരസഭയിലും പഞ്ചായത്തുകളിലുമെല്ലാം പ്രതിഷേധം ശക്തമാണ്.
നായ്ക്കളെ വന്ധ്യംകരിക്കുന്നത് മാത്രമാണ് എക പോംവഴിയെന്ന് പറയുമ്പോഴും നഗരസഭാ, പഞ്ചായത്ത് അധികൃതർക്ക് അനിമൽ ബർത്ത് കൺട്രോൾ പദ്ധതി നടപ്പിലാക്കാനും കഴിയുന്നില്ല. മുൻപ് കുടുംബശ്രീ മിഷനെയാണ് ഇത് ഏൽപ്പിച്ചിരുന്നത്. എന്നാൽ കേന്ദ്ര ആനിമൽ ഹസ്‌ബൻട്രി ബോർഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങൾ മാത്രമേ വന്ധ്യംകരണം നടത്താവൂയെന്നു കോടതി നിർദേശത്തോടെ പദ്ധതി നിലച്ചു. എബിസി പദ്ധതി നടപ്പിലാക്കുമെന്ന് കോട്ടയം നഗരസഭ പലവട്ടം ആവർത്തിക്കുമ്പോഴും ഏത് ഏജൻസി നടപ്പിലാക്കുമെന്നും മാത്രം ഒരു പിടിയുമില്ല.