കലാപാഹ്വാനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി

Advertisement

തിരുവനന്തപുരം: കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ കലാപാഹ്വാനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

കേരളത്തിലെ ബിജെപി പ്രവർത്തകർ ബലിദാനികളാകാൻ സന്നദ്ധരായിരിക്കണമെന്നായിരുന്നു അമിത് ഷായുടെ ആഹ്വാനം. ബിജെപി തിരുവനന്തപുരത്ത് നടത്തിയ പട്ടികജാതി മോർച്ച സംഗമത്തിലാണ് ബിജെപി പ്രവർത്തകരെ ബലിദാനികളാകാൻ ക്ഷണിച്ചുള്ള പ്രകോപനപരമായ പ്രസംഗം നടത്തിയത്.

ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്ത് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസും ജില്ലാ സെക്രട്ടറിയുടെ വീടും ഉൾപ്പെടെ ബിജെപി–-ആർഎസ്‌എസ്–- എബിവിപി സംഘം ആക്രമിച്ചത്. തിരുവനന്തപുരം കോർപറേഷനിലെ വനിതാ കൗൺസിലർ ഉൾപ്പെടെയുള്ളവരെ പരസ്യമായി ആക്രമിക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്കും വഴിവച്ചു. ഇത് മറച്ചുവെച്ച്‌ കുറ്റം സിപിഐ എമ്മിനുമേൽ ചാരാനായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രമം. സംസ്ഥാനത്ത് ആർഎസ്‌എസ് തുടർച്ചയായി നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങൾ മറച്ചുവച്ചാണ് വിവാദ പരാമർശങ്ങൾ നടത്തിയത്.

കേരളത്തിലെ മറ്റ് രാഷ്ട്രീയ കാര്യങ്ങളിലേക്കൊന്നും കാര്യമായി കടക്കാതിരുന്ന അമിത് ഷാ ബലിദാനികളാകാൻ സന്നദ്ധത തേടിയത് സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനുള്ള ആർഎസ്‌എസ് പദ്ധതിയുടെ ഭാഗംകൂടിയാണ്.

ബിജെപിയുടെയും പട്ടികജാതി മോർച്ചയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പട്ടികജാതി സംഗമത്തിന് ആളെത്താത്തതിൽ കുപിതനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വെള്ളി പകൽ മൂന്നിന് കഴക്കൂട്ടം അൽസാജ് ഓഡിറ്റോറിയത്തിലായിരുന്നു സംഗമം. പട്ടികജാതി വിഭാഗത്തിൽനിന്നുള്ള പ്രവർത്തകർമാത്രം പങ്കെടുക്കുമെന്നാണ് അറിയിച്ചത്. 1500 പേർക്ക് പങ്കെടുക്കാൻ കഴിയുന്ന ഹാളിലെ കസേരകൾ സമയം കഴിഞ്ഞിട്ടും ഒഴിഞ്ഞുകിടന്നു. ആളില്ലാതെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അമിത് ഷാ സംഘാടകരെ അറിയിച്ചു.

ഇതോടെ കഴക്കൂട്ടം ഭാഗത്തുള്ള ബിജെപിക്കാരെ കൂട്ടത്തോടെ ബസുകളിലെത്തിച്ചാണ് ഹാൾ നിറച്ചത്. മണിക്കൂറുകൾ വൈകിയാണ് പിന്നീട് പരിപാടി തുടങ്ങിയത്. ഉദ്ഘാടന പ്രസംഗത്തിലും ഗൗരവമായൊന്നും ഉണ്ടായിരുന്നില്ല. കേരളത്തിൽ വൈകാതെ താമര വിരിയുമെന്ന് പറഞ്ഞ് അദ്ദേഹം വേദിവിട്ടു.