ചന്തയ്ക്ക് പുറത്ത് മീന്‍ വിറ്റു; വില്‍പ്പനക്കാരികളുടെ മീന്‍കുട്ടയില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി പൊലീസ്

Advertisement

കാഞ്ഞങ്ങാട്: അനധികൃത മീൻ വില്പന നടത്തിയെന്നാരോപിച്ച് മീന്‍കുട്ടയില്‍ പൊലീസിന്‍റെ ബ്ലീച്ചിങ് പൗഡർ പ്രയോഗം. കാഞ്ഞങ്ങാട് കോട്ടച്ചേരി മീൻചന്തയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം.

കോട്ടച്ചേരി ചന്തയ്ക്ക് പുറത്ത് മീൻ വിറ്റതിനാണ് മീനില്‍ പൊലീസ് ബ്ലീച്ചിങ് പൗഡർ വിതറിയത്. 11 പേരുടെ മീനിലാണ് ബ്ലീച്ചിംഗ് പൗഡർ പ്രയോഗം നടത്തിയത്. മറ്റുളള വില്‍പ്പനക്കാരികള്‍ മീൻ കുട്ടയുമായി ഓടുകയായിരുന്നു. രാവിലെ മുതൽ ചന്തയ്ക്ക് അകത്ത് ഇരുന്നാണ് മീൻ വിറ്റതെന്നും ബാക്കി വന്നത് കൊണ്ടാണ് പുറത്ത് വന്ന് മീൻ വിറ്റതെന്നും സ്ത്രീകൾ പറയുന്നു.

വിൽപ്പനശാലയ്ക്കുപുറത്ത് മീൻ വിൽക്കരുതെന്ന് നഗരസഭാ അധികൃതര്‍ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശം പാലിക്കാതെ ചിലര്‍ ചന്തയ്ക്ക് പുറത്ത് മീന്‍ വില്‍ക്കുന്നുവെന്ന പരാതി ഉയര്‍ന്നു. തുടര്‍ന്ന് നടപടിയെടുക്കാൻ നഗരസഭ അധികൃതർ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്നാണ് പൊലീസിന്‍റെ ഈ മനുഷ്യത്വമില്ലാത്ത നടപടി. പുറത്ത് നിയമം ലംഘിച്ച് ഒരുപാട് പേര്‍ മീന്‍ വില്‍പന നടത്തുന്നുണ്ടെന്നും തങ്ങളുടെ കുട്ടയില്‍ മാത്രമാണ് പൊലീസ് ബ്ലീച്ചിങ് പൗഡര്‍ വിതറിയതെന്നും സ്ത്രീകള്‍ പറഞ്ഞു.

Advertisement