കോഴിക്കോട്: ഗുജറാത്തി സ്ട്രീറ്റില്‍ മില്‍ക് ഷെയ്ക്കില്‍ കഞ്ചാവ് കുരു ചേര്‍ത്തു നല്‍കി എന്ന എക്‌സൈസ് കേസില്‍ ട്വിസ്റ്റ്. കടയുടമ പറഞ്ഞത് സത്യമെങ്കില്‍ മാനനഷ്ടക്കേസിന് മറുപടി പറയേണ്ടിവരും
ഷെയ്ക്കില്‍ ചേര്‍ത്തത് കഞ്ചാവിന്റെ കുരു അല്ലെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുവദിച്ച ഹെംപ് കുരുവാണെന്നും കടയുടമ ഡോ. സുഭാഷിഷ്. സമൂഹമാധ്യമങ്ങള്‍ വഴി ‘കഞ്ചാവ് ഷെയ്ക്കി’ന് വ്യാപക പ്രചാരണം ലഭിച്ചതോടെയാണ് എക്‌സൈസ് പരിശോധന നടത്തിയത്. വിദ്യാര്‍ഥികള്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നെന്നും പരാതി ഉയര്‍ന്നിരുന്നു.

‘ഹെംപ് സീഡുകള്‍ വളരെ പോഷക ഗുണമുള്ളവയാണ്. പ്രോട്ടീന്‍ അളവ് വളരെ കൂടുതലാണ്. അതുപോലെ ഒമേഗ 2, ഒമേഗ 3, ഫാറ്റി ആസിഡ്‌സ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്കും ത്വക്കിനും വളരെ ഗുണപ്രദമായവയാണ്. 2021 നവംബര്‍ 15ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഇതിന് അനുമതി നല്‍കിയിരുന്നു. അവര്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ടാണ് ഈ കട നടത്തുന്നത്’- കട ഉടമ പറഞ്ഞു.
ഇന്നലെ രാവിലെയാണ് ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതിനെതിരെ കേസെടുത്തെന്നാണ് എക്‌സൈസ് ഇന്നലെ രാത്രി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. എന്തായാലും പരിശോധനാഫലം ആകാംഷയോടെയാണ് നാട്ടുകാര്‍ കാത്തിരിക്കുന്നത്.
കടയില്‍നിന്നു ഹെംപ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകവും പിടികൂടി. സ്ഥാപനത്തിനെതിരെ ലഹരിമരുന്ന് നിയമ പ്രകാരമാണ് കേസ് എടുത്തത്. സീഡ് ഓയില്‍ രാസപരിശോധനക്കായി റീജണല്‍ കെമിക്കല്‍ ലാബില്‍ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അസിസ്റ്റന്‍ഖെ എക്സൈസ് കമ്മീഷണര്‍ എന്‍ സുഗുണന്‍ അറിയിച്ചത്.
