കോട്ടയം: ആചാരത്തനിമയിൽ ഉത്രാടക്കിഴി കൈമാറ്റച്ചടങ്ങ് കൊച്ചി രാജവംശത്തിലെ പിന്മുറക്കാരി കോട്ടയം വയസ്കരക്കുന്ന് രാജ്ഭവൻ കോവിലകത്തിൽ സൗമ്യവതി തമ്പുരാട്ടിക്ക് മന്ത്രി വി.എൻ.വാസവൻ ഉത്രാടക്കിഴി സമർപ്പിച്ചു.
മഞ്ഞപ്പട്ടിൽ പത്തുരൂപയുടെ നൂറും ഒരുരൂപയുടെ നാണയവുമടക്കം 1001 രൂപയാണ് കൈമാറിയത്. ഓണക്കോടിയും മന്ത്രി സമ്മാനിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോട്ടയം തഹസിൽദാർ എസ്.എൽ. അനിൽകുമാർ എന്നിവരും പങ്കെടുത്തു. കൊച്ചി രാജവംശത്തിൽപെട്ട ഇളങ്കുന്നപ്പുഴ നടക്കൽ കോവിലകത്തെ അംഗമാണ് സൗമ്യവതി. 64ാം തവണയാണ് ഇവർ ഉത്രാടക്കിഴി ഏറ്റുവാങ്ങുന്നത്.
14 രൂപയും ചില്ലറയുമായിരുന്ന ആദ്യകാലത്ത് തുക. പിന്നീട് 1001 രൂപയാക്കുകയായിരുന്നു. പണം തൃശൂർ കലക്ടറുടെ പ്രത്യേക പ്രതിനിധി കോട്ടയം തഹസിൽദാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. കൊച്ചി രാജാവ് രാജവംശത്തിലെ സ്ത്രീകൾക്ക് രാജവാഴ്ചക്കാലത്ത് ഓണത്തിന് പുതുവസ്ത്രം വാങ്ങാൻ നൽകിവന്നിരുന്നതാണ് ഉത്രാടക്കിഴി. രാജഭരണം അവസാനിച്ചതോടെ കിഴി വിതരണച്ചുമതല സർക്കാറിനായി. തുക കൈമാറാനുള്ള ചുമതല തൃശൂർ ജില്ല ഭരണകൂടത്തിന് നൽകി സർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ചാണ് തുക തൃശൂർ ട്രഷറി മുഖേന നൽകുന്നത്.