തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. സാധാരണ ഓണം വാരാഘോഷ സമാപന ചടങ്ങില്‍ സാധാരണ ഗവര്‍ണര്‍മാരാണ് വിശിഷ്ടാതിഥികളായി പങ്കെടുക്കാറുള്ളത്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായ സാഹചര്യത്തില്‍ ഘോഷയാത്രയിലേക്ക് ഗവര്‍ണറെ ക്ഷണിക്കാതിരുന്നത് എന്നത് ശ്രദ്ധേയമാണ്.
കൊവിഡ് കാരണം രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം ഈ മാസം ആറിന് തുടങ്ങിയ വാരാഘോഷത്തില്‍ വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ദീപാലങ്കാരങ്ങളും, ഭക്ഷ്യമേളകളും പ്രദര്‍ശനങ്ങളും ഒട്ടേറെ പേരെ ആകര്‍ഷിച്ചു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഗതാഗതമന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് വാരാഘോഷത്തിന് നാളെ തിരുവനന്തപുരത്ത് സമാപനം കുറിയ്ക്കുന്നത്. വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ നീളുന്ന ഘോഷയാത്രയില്‍ 75-ഓളം നിശ്ചല ദൃശ്യങ്ങള്‍ ഉണ്ടായിരിക്കും.