പന്തളം. നാട്ടുകാരെ വലച്ച് 12 മണിക്കൂർ തെങ്ങിന് മുകളിൽ കയറിയിരുന്ന .യുവാവിനെ ഒടുവിൽ തെങ്ങ് കുലുക്കി താഴെ വീഴ്ത്തി രക്ഷപ്പെടുത്തി. ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് എത്തുന്നത് കണ്ടതോടെയാണ് കടക്കാട് സ്വദേശി രാധാകൃഷ്ണൻ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്ക് തെങ്ങിൽ കയറിയത്.താഴെ ഇറക്കാനുള്ള എല്ലാ അടവും പരാജയപ്പെട്ടതോടെയാണ് പുലർച്ചെ ഒരു മണിയോടെ ഫയർഫോഴ്സ് തെങ്ങുകുലുക്കി രാധാകൃഷ്ണനെ താഴെ എത്തിച്ചത്.
പന്തളം കടക്കാട് ഒരു പ്രദേശത്തെ മുഴുവൻ തന്റെ വീട്ടിലെ തെങ്ങിന് ചുവട്ടിൽ 12 മണിക്കൂറാണ് രാധാകൃഷ്ണൻ കാത്തുനിർത്തിയത്.മദ്യപാനിയായ രാധാകൃഷ്ണനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് എത്തുന്നത് കണ്ടതോടെയാണ് രാധാകൃഷ്ണൻ വീട്ടിൽ നിന്നിറങ്ങി തെങ്ങിനു മുകളിൽ കയറിയത്.തെങ്ങിൻറെ മടലുകൾക്ക് ഇടയിലാണ് രാധാകൃഷ്ണൻ തുടക്കം മുതലേ ഇരിപ്പുറപ്പിച്ചത്.രാധാകൃഷ്ണനെ തിങ്കിൽ നിന്ന് താഴെ ഇറക്കാൻ വീട്ടുകാരും നാട്ടുകാരും പരിശ്രമിച്ച പരാജയപ്പെട്ടതോടെയാണ് പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചത്.വിവരമറിഞ്ഞ പ്രദേശത്തെ നാട്ടുകാർ മുഴുവനും രാധാകൃഷ്ണന്റെ വീട്ടിലേക്ക് എത്തുകയും ചെയ്തു.പലവട്ടം അനുനയനീക്കം നടത്തിയെങ്കിലും ഒരിഞ്ചുപോലും തെങ്ങിന് താഴെയിറങ്ങാൻ രാധാകൃഷ്ണൻ തയ്യാറായില്ല.സമയം വൈകിയതോടെ ഫയർഫോഴ്സ് തെങ്ങിന് താഴെ വല വിരിച്ചു.പോലീസ് പലവട്ടം രാധാകൃഷ്ണനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.ലഹരി വിമുക്ത കേന്ദ്രത്തിൽ കൊണ്ടുപോകരുതെന്നും കേസെടുക്കരുതെന്നുമുള്ള രാധാകൃഷ്ണന്റെ ആവശ്യങ്ങൾ പോലും പോലീസ് അംഗീകരിച്ചു.എല്ലാം കേട്ട് തെങ്ങിനു മുകളിൽ ഇരുന്നതല്ലാതെ രാധാകൃഷ്ണൻ താഴോട്ട് ഇറങ്ങാൻ തയ്യാറായില്ല.
ഇതിനിടെ രാധാകൃഷ്ണനെ കല്ലെറിഞ്ഞ് താഴെ ഇടണമെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു ഇതോടെ നാട്ടുകാരെ പോലീസും ഫയർഫോഴ്സും ചേർന്ന് കുറച്ചു ദൂരത്തേക്ക് മാറ്റി നിർത്തുകയും ചെയ്തു.രാത്രി 12 മണിയായതോടെ രാധാകൃഷ്ണൻ തെങ്ങിൽ നിന്ന് കുറച്ചു താഴോട്ട് ഇറങ്ങിയെങ്കിലും പിന്നീട് വീണ്ടും മുകളിലേക്ക് കയറി.ഇതോടെയാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെങ്ങിൻറെ വശങ്ങളിൽ പിടിച്ച് ശക്തമായി കുലുക്കിയത്.ആട്ടത്തില്‍ രാധാകൃഷ്ണന് അടിതെറ്റുമെന്നുറപ്പായി.ഇതോടെ താഴേക്കിറങ്ങി വരാൻ രാധാകൃഷ്ണനും സമ്മതിച്ചു.ഒടുവിൽ 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് ഫയർഫോഴ്സ് സംഘം മടങ്ങി.രാധാകൃഷ്ണനെതിരെ കേസെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്ന് പന്തളം പോലീസും അറിയിച്ചു. അനുനയിപ്പിച്ച് ലഹരിവിമോചനകേന്ദ്രത്തിലാക്കാനാണ് ശ്രമം.