കൊച്ചിയിലെ ആദ്യ ഇംഗ്ലീഷ് മീഡിയംവിദ്യാലയം സ്ഥാപിച്ച തെരേസയുടെ ജീവിതം വെള്ളിത്തിരയില്‍

Advertisement


കൊച്ചി: കേരളത്തില്‍ സെന്റ് തെരേസാസ് സനാസിനി സമൂഹത്തിന് അടിത്തറപാകിയ സെന്റ് റോസ് ഓഫ് ലിമയിലെ സിസ്റ്റര്‍ തെരേസയുടെ ജീവിതം വെള്ളിത്തിരയില്‍. തെരേസയ്ക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കഴിഞ്ഞ ദിവസം ശ്രീധര്‍ തിയേറ്ററില്‍ സെന്റ് തെരേസാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. ഈ മാസം 28 മുതല്‍ പൊതുജനങ്ങള്‍ക്കും ചിത്രം കാണാം.

ചെന്നൈയില്‍ ജനിച്ച തെരേസയുടെ കര്‍മ്മപഥം പക്ഷേ കേരളമായിരുന്നു. 1887ല്‍ കൊച്ചിയിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിച്ച് കൊണ്ടാണ് തെരേസ തന്റെ സേവന പന്ഥാവിലേക്ക് ഇറങ്ങിയത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച അവര്‍ക്കുള്ള ആദരമായിരുന്നു സെന്റ് തെരേസാസ് കോളജ്.

അന്തരിച്ച ചലച്ചിത്രകാരന്‍ ജോണ്‍ പോളാണ് തെരേസയുടെ ജീവിത കഥ അഭ്രപാളികളിലെത്തിക്കാന്‍ വേണ്ടി തിരക്കഥ എഴുതിയത്. കൊച്ചിയുടെ സാമൂുഹ്യ സാംസ്‌കാരിക ജീവിതത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ ചിത്രത്തില്‍ വ്യക്തമായി വരച്ച് ചേര്‍ത്തിരിക്കുന്നു. സെന്റ് തെരേസാസ് കോളജ് പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ സെലിന്റെ ആഗ്രഹമാണ് ചിത്രത്തെ യാഥാര്‍ത്ഥ്യമാക്കിയതെന്ന് സംവിധായകന്‍ രാജു എബ്രഹാം പറയുന്നു. കോളജിന്റെ സ്ഥാപിത ദിനമായ സെപ്റ്റംബര്‍ 12ന് തന്നെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടത്താനുമായി.

തെരേസാമ്മയുടെ ജീവിതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച ശേഷമാണ് ജോണ്‍പോള്‍ തിരക്കഥ തയാറാക്കിയത്. 1970കളില്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തില്‍ നിന്ന് ഏറെ വിവരങ്ങള്‍ ലഭിച്ചു. 2020ല്‍ തന്നെ ചിത്രം പൂര്‍ത്തിയാക്കിയിരുന്നു. ഏപ്രിലില്‍ ജോണ്‍ പോള്‍ വിട്ടുപോകുമ്പോള്‍ ചിത്രം പ്രദര്‍ശനത്തിന് തയാറായിക്കഴിഞ്ഞിരുന്നു. 44ാം വയസില്‍ ആന്ധ്രാപ്രദേശിലെ കടപ്പയ്ക്ക് അടുത്ത് വച്ചുണ്ടായ ട്രെയിന്‍ അപകടത്തില്‍ സിസ്റ്റര്‍ മരിക്കുന്നത് വരെയുള്ള സംഭവങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തെരേസാമ്മയ്ക്ക് സ്വന്തമായി ഒരു ശവകൂടീരം പോലും ഇല്ല. അപകടത്തില്‍ മരിച്ച 80 പേരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് മറവ് ചെയ്യുകയായിരുന്നു. അപകടത്തില്‍ പെട്ട ട്രെയിനില്‍ ഉണ്ടായിരുന്ന മറ്റൊരു വൈദികനാണ് തെരേസാമ്മയുടെ മരണം സ്ഥിരീകരിച്ചത്.
ചാരുഹാസന്‍ ആണ് ചിത്രത്തില്‍ ഫാദര്‍ ഗബ്രിയേല്‍ റോബേറോ ആയി വേഷമിട്ടിരിക്കുന്നത്. തെരേസാമ്മയുടെ സേവന പ്രവൃത്തികള്‍ കണ്ടെത്തുന്ന വൈദികനായാണ് ഇദ്ദേഹം ചിത്രത്തില്‍ പ്രതൃക്ഷപ്പെടുന്നത്. തെരേസാമ്മയായി ആഷ്‌ലി മാത്യുവും അഭിനയിക്കുന്നു.

Advertisement