കുറവിലങ്ങാട്: ബിരുദ, ബിരുദാനന്തര പഠനത്തിനായി വിദ്യാർഥികൾ കൂടുതലായി വിദേശത്തേക്കു പറക്കുന്നതിനാൽ സംസ്ഥാനത്തെ കലാലയങ്ങളിൽ ആശങ്കയേറുന്നു.
മുൻ അധ്യയന വർഷങ്ങളെ അപേക്ഷിച്ച് ബഹുഭൂരിപക്ഷം കലാലയങ്ങളിലും ഇക്കുറി വിദ്യാർഥികളുടെ കാര്യമായ കുറവാണുള്ളത്.
പത്തുശതമാനത്തിലേറെ വിദ്യാർഥികളുടെ കുറവുള്ളവയാണ് ഭൂരിപക്ഷം കലാലയങ്ങളും. ഈ വർഷം പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിലുള്ള കുറവ് മൂലം കലാലയങ്ങളിൽ ചില കോഴ്സുകൾ നിലയ്ക്കുന്ന സാഹചര്യം ഉടലെടുത്തിട്ടുണ്ട്. സ്വാശ്രയകോളജുകളിൽ ചിലത് നിറുത്തുന്നത് സംബന്ധിച്ച് ശക്തമായ ആലോചനയിലാണ്. എയ്ഡഡ് കോളജുകളിൽ കുട്ടികളുടെ കുറവ് മൂലം സ്വാശ്രയവിഭാഗത്തിലെ കോഴ്സുകളിലെത്തിയവരെ എയ്ഡഡ് കോഴ്സുകളിലേക്ക് മാറ്റി നീക്കുപോക്കുകൾ നടത്തുന്ന കലാലയങ്ങളുമുണ്ട്. ബിരുദപഠന മേഖലയിൽ പരമ്പരാഗത കോഴ്സുകളിൽ കുട്ടികൾ കുറവുവന്നിരുന്നുവെങ്കിലും പുതുതലമുറ കോഴ്സുകൾക്ക് കാര്യമായി മങ്ങലേറ്റിരുന്നില്ല. എന്നാൽ ഇക്കുറി ന്യൂജെൻ കോഴ്സുകളിലും കുട്ടികളുടെ കുറവ് പ്രകടമാണ്.
ബിരുദ കോഴ്സുകളിലെ ആകർഷക പഠനമായിരുന്ന ബികോമിനടക്കം വിദ്യാർഥികൾ കുറയുന്നതായാണ് കണക്ക്. വിദ്യാർഥികളുടെ എണ്ണം പത്തിൽ താഴെയുള്ള കോഴ്സുകൾ പല കോളജുകളിലുമുണ്ട്. സ്വാശ്രയമേഖലയിൽ ആരംഭിച്ച കോളജുകളിലെല്ലാം തന്നെ വിദ്യാർഥികളുടെ താത്പര്യം കണക്കിലെടുത്ത് ബികോം വിവിധ സ്പെഷ്യലൈസേഷനിൽ ഉൾപ്പെടുത്തിയിരുന്നു. ഇവയിൽ പലതും കൂട്ടിച്ചേർത്തും നിറുത്തലാക്കിയും തുടങ്ങിയിട്ടുണ്ട്.
അഫിലിയേറ്റഡ് കോളജുകളെ അപേക്ഷിച്ച് സ്വയംഭരണകോളജുകൾക്കാണ് വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ പ്രതിസന്ധിയില്ലാത്തത്. പഠന ചെലവ് കൂടുന്നുണ്ടെങ്കിലും യഥാസമയം പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും നടക്കുന്നതാണ് വിദ്യാർഥികളെ സ്വയംഭരണകോളജുകളിലേക്ക് ആകർഷിക്കുന്നത്.
സംസ്ഥാനത്തെ ഒരു സർവകലാശാലയിൽ പഠനം അഞ്ചാം സെമസ്റ്ററിലൂടെ അവസാന വർഷം എത്തിയ ബിരുദ വിദ്യാർഥികളുടെ ആദ്യത്തെ രണ്ട് സെമസ്റ്റർ പരീക്ഷാഫലം മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബിരുദഫലത്തിൻറെ പ്രഖ്യാപനം വരുമ്പോഴും മൂന്ന്, നാല്, അഞ്ച് സെമസ്റ്ററുകളുടെ സപ്ലിമെൻറി ഫലം വരാത്ത സാഹചര്യം ഉടലെടുത്താൽ വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇംപ്രൂവ്മെൻറിലൂടെ മികച്ച ഫലം കാത്തിരിക്കുന്ന വിദ്യാർഥികളുടെ ഉപരിപഠന സാധ്യതയെയും ഈ മെല്ലെപ്പോക്ക് ബാധിക്കും. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിദ്യാർഥികളിൽ ഇത്തരത്തിൽ കാത്തിരിപ്പ് തുടരുന്ന സ്ഥിതി നിലനിൽക്കുന്നുണ്ട്. ആറാം സെമസ്റ്ററിലൂടെ അന്തിമഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി അഞ്ചാം സെമസ്റ്റർവരെയുള്ള ഇംപ്രൂവ്മെൻറ്, സപ്ലിമെൻറി ഫലം പുറപ്പെടുവിച്ചാൽ മാത്രമേ വിദ്യാർഥികൾക്ക് ഈ സൗകര്യത്തിന്റെ നേട്ടം ലഭിക്കൂ. ഈ പതിവ് ഇപ്പോൾ വർഷങ്ങളായി നടക്കുന്നില്ല.
പ്രോജക്ട് ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിച്ച അവസാനവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ആദ്യ സെമസ്റ്റർ ഫലം മാത്രം പ്രഖ്യാപിച്ച സർവകലാശാലയും സംസ്ഥാനത്തുണ്ട്.
വിദേശപഠനത്തിൽ വിദ്യാർഥികളെ ആകർഷിക്കുന്ന പ്രധാന ഘടകം സ്കോളർഷിപ്പുകളും പാർട് ടൈം ജോലിയുമാണ്. വിദേശപഠനത്തിന് മുടക്കേണ്ടിവരുന്ന ചെലവിൽ കാര്യമായ കുറവും നല്ലനിലയിൽ പ്രവർത്തിക്കുന്ന ഏജൻസികളും ഇക്കാര്യത്തിൽ പ്രധാന ഘടകങ്ങളാണ്. തൊഴിലധിഷ്ഠിത കോഴ്സുകളിലടക്കം വിദേശങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് വർധിച്ചതിന്റെ വലിയ തെളിവ് വിദേശഭാഷാപഠനത്തിലെ വിദ്യാർഥികളുടെ എണ്ണം വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പഠന, പരിശീലന കേന്ദ്രങ്ങളുടെ എണ്ണം കാര്യമായി സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്. കേട്ടുകേൾവി മാത്രമുള്ള രാജ്യങ്ങളിലേക്കടക്കം പഠനസൗകര്യങ്ങളുടെ വാതിൽ തുറന്നിട്ടുണ്ട്.